ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍പദവിക്ക് നിരക്കാത്ത; രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു : കോടിയേരി
ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ് വേണ്ടത്
തിരുവനന്തപുരം: വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പറഞ്ഞു ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യുന്നത്.ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ്സില്‍, തയ്യാറാക്കിയ പ്രസംഗം മാറ്റി വെച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവര്‍ണ്ണര്‍ ചെയ്തത്. വളരെ ചെറുപ്പത്തില്‍ എംപി ആയിരുന്ന ആളായതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണ്. കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
ഭരണഘടന പദവിയുടെ നിര്‍വ്വഹണം ആവശ്യപ്പെടുന്നതെന്ന് ഗവര്‍ണ്ണര്‍ തിരിച്ചറിയണം. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ് വേണ്ടത്.പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതില്‍ ബിജെപി നേതൃത്വത്തെ പോലെയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. രാജ്യത്ത് ആദ്യമായി മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനക്ക് അനുസൃതമാണോയെന്ന് പരിശോധിക്കാനുള്ള അവകാശം സുപ്രീം കോടതിയിലാണ് നിക്ഷിപ്തമായിട്ടുള്ളത്.
രാജ്യത്തെ ഭരണഘടന ഗവര്‍ണ്ണര്‍ക്ക് അങ്ങനെയൊരു സവിശേഷ അധികാരം നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളുടെ രാഷ്ട്രീയ പ്രചാരണ ചുമതലയും ഗവര്‍ണ്ണറില്‍ നിക്ഷിപ്തമല്ല. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും പദവിയുടെ അന്തസത്തക്ക് ചേരുന്ന രീതിയിലായിരുന്നു കഴിഞ്ഞ ഗവര്‍ണ്ണര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രസക്തം. അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ തയ്യാറാകണം.ഗവര്‍ണ്ണര്‍മാര്‍ പ്രാദേശിക രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് സര്‍ക്കാരിയ കമ്മീഷന്‍ വ്യക്തമായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഗവര്‍ണ്ണര്‍ പദവിയെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗ പ്പെടുത്തുന്ന രീതി കോണ്‍ഗ്രസ്സിന്റെ കാലത്ത് തുടങ്ങിയതാണ്. ബിജെപി ഭരണം ഈ പ്രവണതയെ ശക്തിപ്പെടുത്തി.
സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കുന്നതിനായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ചു. കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും അപമാനകരമായ രീതിയിലേക്ക് ഗവര്‍ണ്ണര്‍മാര്‍ തരംതാഴ്ന്നു. ആ ഗണത്തില്‍ പരിഗണിക്കാവുന്ന രൂപത്തിലാണ് കേരള ഗവര്‍ണറുടെ ഇപ്പോഴത്തെ പ്രവൃത്തികള്‍. ഭരണഘടനാ പദവിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകണമെന്ന് കോടിയേരി പറഞ്ഞു.