കോടിയേരി ആത്മപരിശോധന നടത്തണമെന്ന് ടിക്കാറാം മീണ: പെരുമാറ്റച്ചട്ടലംഘനം അനുവദിക്കില്ല

കേരളത്തിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ ഒഴിവ് വന്നിട്ടും പാലായില്‍ മാത്രമായി ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

0

തിരുവനന്തപുരം: കേരളത്തിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ ഒഴിവ് വന്നിട്ടും പാലായില്‍ മാത്രമായി ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പ്രസ്താവനയില്‍ കോടിയേരി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലാ ഉപതെരഞ്ഞെടുപ്പിന് എല്ലാം സജ്ജമാണെന്ന് ടിക്കാറാം മീണ അറിയിച്ചു. ഈ മാസമുണ്ടായ പ്രളയം ചിലയിടങ്ങളില്‍ ബാധിച്ചിട്ടുണ്ട്. അക്കാര്യം പരിശോധിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ അതേ വോട്ടര്‍ ലിസ്റ്റായിരിക്കും ഉപതെരഞ്ഞെടുപ്പിനും ഉപയോഗിക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഏപ്രില്‍ മാസം മുതല്‍ ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമാണ് പാല. ഒരു മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ ആറ് മാസത്തിനുള്ളില്‍ അവിടെ തെരഞ്ഞെടുപ്പ് വേണമെന്നാണ് ചട്ടം. സംസ്ഥാനത്ത് നിലവില്‍ ഒഴിവുള്ള മറ്റു അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഈ പ്രശ്‍നമില്ല.

അതിനാലാണ് പാലായില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ജൂണിലാണ് പിന്‍വലിച്ചതെന്നും അതിനാല്‍ അവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ നവംബര്‍ വരെ സമയമുണ്ടെന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.

ആറ് ഇടങ്ങളിലും ഒന്നിച്ച് തെര‍ഞ്ഞെടുപ്പ് നടത്താം എന്ന നിര്‍ദേശമാണ് കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതെന്നും എന്നാല്‍ അത് നിര്‍ബന്ധമുള്ള കാര്യമല്ലെന്നും ടീക്കാറാം മീണ അറിയിച്ചു.

കേരള കോണ്‍ഗ്രസിനകത്തെ തര്‍ക്കം തന്‍റെ മുന്‍പില്‍ ഇല്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കാലത്ത് അനുവദിക്കില്ല. മതസൗഹാര്‍ദ്ദത്തെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ല. ഇക്കാര്യത്തില്‍ മുൻ നിലപാട് തന്നെ തുടരും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-