കൊടകര കുഴല്‍പ്പണകേസ് കെ സുരേന്ദ്രന്‍ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകും.
കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ച്ച നടത്തിയെന്നതാണ് കേസ്.
തൃശൂർ :കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തൃശൂരില്‍ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക. കുഴല്‍പ്പണ കേസ് വിവാദത്തില്‍ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍ ചോദ്യം ചെയ്യലിനായി എത്തുന്നത്.കൊടകര കേസുള്‍പ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നും രാവിലെ വാര്‍ത്തസമ്മേളനത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിന്നു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് മേല്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്‍റെ ദുരുപയോഗമെന്ന് കെ സുരേന്ദ്രന്‍ ആരോപണം ഉയര്‍ത്തുകയും ചെയ്തു.
നേരത്തെ ആറിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും പാര്‍ട്ടി ഭാരവാഹി യോഗം നടക്കുന്നതിനാല്‍ സുരേന്ദ്രന്‍ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയില്ല. കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ച്ച നടത്തിയെന്നതാണ് കേസ്. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്.