കൊടകര കുഴൽപ്പണക്കേസ്; ബിജെപി മധ്യമേഖല സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

തൃശൂർ പൊലീസ് ക്ലബ്ബിലെ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ പത്മകുമാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

0

 

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എല്‍. പത്മകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആർഎസ്എസ് നേതാവുകൂടിയായ എൽ പത്മകുമാറിനെ ചോദ്യം ചെയ്തത്. തൃശൂർ പൊലീസ് ക്ലബ്ബിലെ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ പത്മകുമാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

നിലവിൽ ചോദ്യം ചെയ്ത് വിട്ടയച്ച ബിജെപി നേതാക്കളുടെ മൊഴികൾ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ധർമരാജൻ നൽകിയ മൊഴിയും നേതാക്കളുടെ മൊഴികളും തമ്മിൽ പൊരുത്ത ക്കേടുകൾ ഉണ്ട്. മൊഴികളിലെ വൈരുധ്യമുൾപ്പടെ പരിശോധിക്കാൻ കൂടുതൽ ബിജെപി നേതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന സൂചനകളാണ് അന്വേഷണസംഘത്തിൽ നിന്നും ലഭിക്കുന്നത്.

അതേസമയം, കൊടകര കുഴൽപ്പണ കേസിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സിപിഐഎം നേതാക്കളെ പോലെ തലയിൽ മുണ്ടിട്ടും നെഞ്ചുവേദന അഭിനയിച്ചും നടക്കാതെ ബിജെപി നേതാക്കളെല്ലാം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന കാര്യം സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി കഴിഞ്ഞു. കൂടുതൽ പ്രതികരിക്കാനില്ലെന്നും വി മുരളീധരൻ പ്രതികരിച്ചു.

കൊടകര കുഴൽപ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നിഷേധിച്ചു. കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കുപ്രചരണങ്ങൾ. ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങൾ പാർട്ടിയിൽ തന്നെ ഉയർന്ന ആരോപണങ്ങളാണെന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

You might also like

-