ഇരയുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചു അഞ്ജലി റീമക്കെതിരെ കൊച്ചി പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു
പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഞ്ജലി ആരോപിച്ചിരുന്നു .
കൊച്ചി | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ പേരുവിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രസിദ്ധപ്പെടുത്തിയ സഭവത്തിൽ കേസിലെ പ്രതികളിൽ ഒരാളായ അഞ്ജലി റീമ ദേവിനെതിരെ കൊച്ചിപോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഞ്ജലി ആരോപിച്ചിരുന്നു . പോക്സോ കേസിൽ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേർക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് അഞ്ജലി തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തുന്നത്. എന്നാൽ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കേസ് പിൻവലിപ്പിക്കാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് അടക്കം മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തിങ്കളഴ്ച പരിഗണിക്കും. കേസിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. എന്നാൽ റോയ് വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തിങ്കളാഴ്ച്ച വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു