കൊച്ചിയിലെ വെള്ളക്കെട്ട് യോഗം വിളിച്ചു മുഖ്യമന്ത്രി
കൊച്ചിയെ സിംഗപ്പൂരാക്കുകയല്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
തിരുവനന്തപുരം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. 25ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ മേയറും, ജില്ല കളക്ടറും,കോർപ്പറേഷൻ സെക്രട്ടറിയും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കൊച്ചിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി വിമർശനങ്ങൾ ഉയർത്തിയതോടെയാണ് സർക്കാർ യോഗം വിളിക്കാൻ തയ്യാറായത്.
നഗരത്തിലെ വെള്ളക്കട്ടിന്റെ പേരില്‍ ഹൈക്കോടതി ഇന്നലെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്. കൊച്ചിയെ സിംഗപ്പൂരാക്കുകയല്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പ്രശ്നം പരിഹരിയ്ക്കാന്‍ കോര്‍പ്പറേഷന് ഒറ്റയ്ക്ക് സാധിക്കില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ഇന്നും ചോദിച്ചിരുന്നു.മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് 4 മണിക്കൂര്‍ കൊണ്ട് കലൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് വെള്ളം ഒഴുക്കിക്കളഞ്ഞതെന്നും കോടതി പറഞ്ഞു.
പ്രശ്‌നത്തില്‍ എജി ഹൈക്കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി.സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തിയെന്ന് എജി വിശദീകരിച്ചു. വെള്ളക്കെട്ടുണ്ടായപ്പോള്‍ ജില്ലാ ഭരണകൂടം കോര്‍പ്പറേഷനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടെതെന്നും എജി കോടതിയെ അറിയിച്ചു.
വെള്ളക്കെട്ടില്‍ കോര്‍പ്പറേഷനെതിരെ ഇന്നും രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് നിരീക്ഷിച്ചു. വെള്ളക്കെട്ടു പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദൗത്യസംഘം രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.