വിദേശഫണ്ട് വിവേചനം സംബന്ധിച്ച വിഷയം നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വീണ്ടും വെട്ടിക്കുറവ്. മുൻ വർഷത്തെ കടമെടുപ്പ് കണക്കിൽ വ്യക്തതക്കുറവ് കാട്ടി 1877 കോടി രൂപയും കുറച്ചെന്ന് ധനമന്ത്രി പറഞ്ഞു

തിരുവനന്തപുരം | വിദേശഫണ്ട് വിവേചനം സംബന്ധിച്ച വിഷയം കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഷയം ഉന്നയിക്കാൻ സർക്കാരിന് മറ്റ് അവസരങ്ങളുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട മൂന്നു വിഷയങ്ങളാണ് ഉന്നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വീണ്ടും വെട്ടിക്കുറവ്. മുൻ വർഷത്തെ കടമെടുപ്പ് കണക്കിൽ വ്യക്തതക്കുറവ് കാട്ടി 1877 കോടി രൂപയും കുറച്ചെന്ന് ധനമന്ത്രി പറഞ്ഞു. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെങ്കിൽ 5 ശതമാനം പിടിച്ചു വയ്ക്കും. 3323 കോടിയിൽ അധികമാണ് കുറച്ചിരിക്കുന്നത്. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ട്. ഇ വർഷം അങ്ങനെ കുറയ്ക്കരുത് എന്ന്‌ ആവശ്യപ്പെട്ടതായി മന്ത്രി കെഎൻ ബാല​​ഗോപാൽ പറഞ്ഞു.കേരളത്തിന്റെ നികുതി വിഹിതം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് മുൻപ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച കാര്യം കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. അതേസമയം 965.16 രൂപ ഐജിഎസ്ടി സെറ്റിൽമെന്റിൽ കുറവ് വന്നു. ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടി നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെന്‍ഷനെന്ന് പറഞ്ഞ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് കെ സി വേണുഗോപാലിന്റെ പ്രസ്താവനക്കെതിരെ കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു . ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് കെ സി വേണുഗോപാല്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം ആളുകള്‍ വെറും മണ്ടന്മാരല്ല. ജനങ്ങളെ വില കുറച്ചു കാണാമോയെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.

ക്ഷേമ പെന്‍ഷനെതിരെ മോശം പരാമര്‍ശം നടത്തിയ കെ സി വേണുഗോപാലും കോണ്‍ഗ്രസ് നേതൃത്വവും മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ കേരളത്തില്‍ മാതൃകാപരമായി നല്‍കിവരികയാണ്. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് കോണ്‍ഗ്രസിന് ഇഷ്ടപ്പെടുന്നില്ല എന്നാണ് അര്‍ത്ഥം. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. വികസന കാര്യങ്ങള്‍ കോണ്‍ഗ്രസിന് പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

You might also like

-