മാണി വീണ്ടും യുഡിഎഫിൽ നേതാക്കൾക്ക് നന്ദി
മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് യുഡിഎഫിനോപ്പം ചേർന്നത്.
തിരുവനന്തപുരം: കേരള കോണ്ഗ്രസ്-എം യുഡിഎഫിന്റെ ഭാഗമായെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് യുഡിഎഫിനോപ്പം ചേർന്നത്. യുഡിഎഫിലേക്കുള്ള മടങ്ങിവരവ് കർഷകർക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നും മാണി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യസഭ സീറ്റിലേക്ക് താൻ മത്സരിക്കില്ലെന്നും മാണി പറഞ്ഞു. ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോകേണ്ടന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോണ്ഗ്രസ്-എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയെ ഇന്ന് തന്നെ തീരുമാനിക്കും. യുഡിഎഫ് യോഗത്തിനുശേഷം പാർട്ടി യോഗം ചേർന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
ഉപാധികളോടെയല്ല യുഡിഎഫ് മുന്നണിയിൽ പ്രവേശിച്ചത്. രാജ്യസഭ സീറ്റ് കോണ്ഗ്രസ് അറിഞ്ഞ് തന്നതാണെന്നും മുന്നണി പ്രവേശനത്തിന് വഴിയൊരുക്കിയ ഉമ്മൻ ചാണ്ടിക്കും എം.എം. ഹസനും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിക്കും നന്ദി പറയുന്നുവെന്നും മാണി പറഞ്ഞു