മാണിയേ മണിയടിച്ച് മായ്ക്കാൻ യുഡിഫ് സംഘം പാലയിൽ
പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെ പിന്തുണ തേടി യുഡിഎഫ് സംഘം പാലായിൽ. മാണിയെ നേരിട്ട് കണ്ട് പിന്തുണ അഭ്യർഥിക്കാനാണ് നേതാക്കൾ എത്തുന്നത്. ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ്-എമ്മിന്റെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫ് സംഘം എത്തുന്നത് എന്നത് നിർണായകമാണ്. കേരള കോണ്ഗ്രസ് വോട്ടുകൾ ആർക്കെന്ന് വ്യക്തമാക്കാൻ മാണി ഇതുവരെ തയാറായിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല.
എൽഡിഎഫിനൊപ്പം നിൽക്കണമെന്നാണ് ജോസ് കെ. മാണി ഉൾപ്പടെയുള്ളവരുടെ നിലപാടെങ്കിലും പി.ജെ.ജോസഫ് വിഭാഗം ഇതിനെ ശക്തമായി എതിർത്തു. ഇതേതുടർന്ന് നിലപാട് തീരുമാനിക്കാൻ പാർട്ടി പത്തംഗ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ഉപസമിതിയുടെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച കേരള കോണ്ഗ്രസ് നിലപാട് പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫിന്റെ അനുനയ നീക്കം.