നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കണം. വിനോദയാത്രകള്‍ അനുവദിക്കില്ല.
കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കണം. വിനോദയാത്രകള്‍ അനുവദിക്കില്ല. പൊതുപരിപാടികള്‍ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ക്കണം. ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. 10 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ എസൊലേഷനിലുള്ളത്. ഇതില്‍ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്പര്‍ക്കമുള്ള 150 പേരുണ്ട്. 58 പേര്‍ രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്. 159 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മാസം 29ന് ഇറ്റലിയില്‍ നിന്ന് റാന്നി സ്വദേശികളായ മൂന്നു പേരടങ്ങുന്ന കുടുംബം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുകയായിരുന്നു. കോവിഡ് 19 ബാധിത രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കുന്ന കേന്ദ്ര ഏവിയേഷന്‍ സംഘത്തേയും സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗത്തേയും ബന്ധപ്പെടാതെയാണ് ഇവര്‍ പുറത്തിറങ്ങിയത്. റാന്നിയിലെ വീടിനു സമീപത്തുള്ളവരെ എയര്‍പോര്‍ട്ടില്‍ വച്ച് ഇവര്‍ കണ്ടുമുട്ടുകയും അവരോടൊപ്പം വീട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. റാന്നിയിലെത്തിയ ഇവര്‍ സമീപ്രദേശങ്ങളിലെ വീടുകളിലും പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലും സഞ്ചരിച്ചു. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ രണ്ടുപേര്‍ രോഗലക്ഷണവുമായി റാന്നി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. രോഗലക്ഷണം ഉണ്ടായിട്ടും ഐസൊലേഷനില്‍ കഴിയാന്‍ കൂട്ടാക്കാതിരുന്ന ഇവരെ ആരോഗ്യവകുപ്പിന്റെ ശ്രമഫലമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂവരും സന്ദര്‍ശിച്ച വ്യക്തികളെയും വീട്ടുകാരെയും എത്രയും പെട്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്ന് മന്ത്രി പറഞ്ഞു.
രോഗികളുമായി നേരിട്ട് ബന്ധമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നിന്ന് ഒഴിവാകണം. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. അകന്ന സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് അതത് സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഒരുക്കും. രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം. താഴെത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യണം. മാസ്‌ക്, പിപിഇ കിറ്റ്, സാനിറ്റൈസര്‍ തുടങ്ങിയവയ്ക്ക് കുറവു വരാതെ സംഭരണം ഉറപ്പാക്കണം. എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. നേരിട്ട് ഇടപഴകുന്നവര്‍, ആശുപത്രി ജീവനക്കാര്‍, രോഗികളെ പരിചരിക്കുന്നവര്‍ എന്നിവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും. മാസ്‌കിന് മെഡിക്കല്‍ സ്റ്റോറുകളില്‍ അമിത വില ഈടാക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണം. ജില്ലയിലെ അടഞ്ഞു കിടക്കുന്ന ആശുപത്രികള്‍ മുന്‍കരുതലെന്ന നിലയില്‍ രോഗബാധിതരെ പാര്‍പ്പിക്കുന്നതിന് എംപി, എംഎല്‍എമാരുടെ ഇടപെടലിലൂടെ ക്രമീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ 30 ഉം സ്വകാര്യ ആശുപത്രികളിലെ 40 ഉം അടക്കം 70 കിടക്കകള്‍ ഐസൊലേഷനായി ക്രമീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലായി 40 വെന്റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
രോഗബാധിതരെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കരുത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ഇനിയുള്ള എല്ലാ ദിവസവും വൈകുന്നേരം ആറിന് കളക്ടറേറ്റില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ഏഴിന് ബുള്ളറ്റിന്‍ ഇറക്കുകയും ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ സൈബര്‍ സെല്‍ നിരീക്ഷിക്കും. കോവിഡ് 19 ബോധവത്കരണത്തിനായി മൊബൈലുകളില്‍ ലഭിക്കുന്ന കോളര്‍ ടോണ്‍ സന്ദേശം മലയാളത്തില്‍ കേള്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാവരും കൈകളുടെ ശുചിത്വം ഉറപ്പാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല, ടര്‍ക്കി, തോര്‍ത്ത് തുടങ്ങിയവ ഉപയോഗിക്കണം. ആശുപത്രികളിലെ കഫ് കോര്‍ണറുകളിലും ഫിവര്‍ കോര്‍ണറുകളിലും മാസ്‌കുകള്‍ ലഭ്യമാക്കണം. ഒരു തവണ ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
മരുന്നില്ലാത്തതിനാല്‍ പൂര്‍ണ വിശ്രമമാണ് കോവിഡ് 19നുള്ള പ്രതിവിധി. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാം. എന്നാല്‍, രോഗലക്ഷണം പ്രകടമായാല്‍ ഇവ ഉപയോഗിക്കുന്നത് നിര്‍ത്തി ആശുപത്രിയില്‍ അടിയന്തരമായി ചികിത്സ തേടണം. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോള്‍സെന്ററുകളില്‍ 24 മണിക്കൂറും സേവനം ലഭിക്കും. സഹായം ആവശ്യമുള്ളവര്‍ക്ക് ഈ നമ്പരുകളില്‍ വിളിക്കാം. രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും കോള്‍സെന്ററുമായി ബന്ധപ്പെട്ട് വിവരം കൈമാറാം.
യോഗത്തില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, എഡിഎം അലക്‌സ് പി തോമസ്,
തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ പി.ടി. ഏബ്രഹാം, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി. നായര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.