എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണംചെയ്തു വെളിപ്പെടുത്തലുമായി ഖുശ്ബു

എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാൽ പതിനഞ്ചാം വയസ്സിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ ധൈര്യം വന്നത്.താൻ എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലുള്ള മറ്റുള്ളവർ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ചിന്തയാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണം.

0

ചെന്നൈ | എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഖുശ്‌ബു തുറന്നുപറഞ്ഞത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

‘ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോൾ, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവൻ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസിൽ ഉണ്ടാക്കുന്നത്. എന്റെ അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏർപ്പെട്ടിരുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛൻ.

എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാൽ പതിനഞ്ചാം വയസ്സിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ ധൈര്യം വന്നത്.താൻ എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലുള്ള മറ്റുള്ളവർ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ചിന്തയാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണം. എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലർത്തിയിരുന്ന ആളാണ് തന്റെ അമ്മയെന്നും അതിനാൽ അച്ഛനെക്കുറിച്ച് പറഞ്ഞാൽ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും താരം തുറന്നുപറയുന്നുണ്ട്. എന്നാൽ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലിൽ നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്
16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛൻ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.’- ഖുശ്‌ബു പറഞ്ഞു.

You might also like

-