കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം
ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു.
ബ്രാംപ്ടൻ | കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്.ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്.ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിട്ടുകയായിരുന്നു. ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്‌സിൽ കുറിച്ചു.
സംഭവത്തിൽ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പൊലീസ് അതിവേഗം ഉണർന്നു പ്രവർത്തിച്ചെന്നും ട്രൂഡോ വ്യക്തമാക്കി.ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. നിജ്ജര്‍ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷാക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ കനേഡിയന്‍ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചതായിരുന്നു ഇന്ത്യയെ ചൊടിപ്പിച്ചത്.
ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 -നാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ വഷളാക്കിയിരുന്നു. ഇന്ത്യൻ പൗരന്മാരായ കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.