“എന്‍റെ ബാവാനെ ഒന്ന് കാണാൻ പറ്റ്വോ…. ” മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു.

'എന്‍റെ ബാവാനെ ഒന്ന് കാണാൻ പറ്റ്വോ......അവനോടൊന്ന് വരാൻ പറയീ',

0

കോഴിക്കോട് :ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു. 90 വയസായിരുന്നു.മാതാവിനെ കാണാന്‍ കാപ്പന് കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു.ഹഥ്റാസിലെ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പോകവെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ വകുപ്പുകൾ പ്രകാരമാണ് കാപ്പനടക്കം മൂന്ന് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

‘എന്‍റെ ബാവാനെ ഒന്ന് കാണാൻ പറ്റ്വോ……അവനോടൊന്ന് വരാൻ പറയീ’, എന്നാണ് മകനെ കാണാന്‍ കഴിയാതെ വീട്ടില്‍ കഴിയുന്നതിനിടെ കാപ്പന്‍റെ മാതാവ് ആദ്യം പറഞ്ഞിരുന്നത്. കദീജക്കുട്ടിയുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയ മകനാണ് സിദ്ദീഖ്കാപ്പന്‍. മക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവനും സിദ്ദീഖ് എന്ന ബാവയെ ആയിരുന്നു.

നീണ്ട ഒമ്പത് മാസത്തെ തടവറ ജീവിതത്തിനിടെ ഒരു തവണ മാത്രമാണ് സിദ്ദീഖ് കാപ്പന് മാതാവിനെ കാണാന്‍ അനുവാദം ലഭിച്ചത്.കേരള പത്രപ്രവര്‍ത്ത യൂണിയന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ജാമ്യം.മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയായിരുന്നു സിദ്ദീഖ് കാപ്പന് അന്ന് കോടതി ജാമ്യം അനുവദിച്ചത്

ഫെബ്രുവരി 17ന് വീട്ടിലെത്തിയ കാപ്പൻ ഉമ്മയെ കണ്ട് അഞ്ച് ദിവസത്തിനു ശേഷം 22ന് വൈകീട്ട് നാലരക്കാണ് മലപ്പുറം വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിൽ നിന്നും മടങ്ങിയത്. തൊണ്ണൂറ് വയസ്സുള്ള ഉമ്മക്ക് മകന്‍ തടവറയിലുള്ള കാര്യം അറിയുമായിരുന്നില്ല. രോഗകിടക്കയിലുള്ള മാതാവിനെ അക്കാര്യം അറിയിക്കാതിരിക്കാന്‍ കാപ്പന്‍റെ ഭാര്യ റൈഹാനത്തും ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. കോഴിക്കോട്ടെ ജോലി സ്ഥലത്തേക്കു പോവുകയാണെന്നും രണ്ട് ദിവസം കഴിഞ്ഞു വരാമെന്നുമാണ് കാപ്പന്‍റെ തിരിച്ചുപോക്കിനെ കുറിച്ച് മാതാവിനെ അറിയിച്ചത്. ദിവസങ്ങള്‍ നീണ്ട ഉമ്മയുടെ രോഗത്തിന്‍റെ കാഠിന്യം എളുപ്പമാക്കിയ അനുഭവമായിരുന്നു തന്‍റെ പ്രിയപ്പെട്ട മകന്‍റെ സന്ദര്‍ശനമെന്നാണ് ഭാര്യ റൈഹാനത്ത് പിന്നീട് ഓര്‍ത്തെടുത്തത്. മകന്‍റെ തിരിച്ചുപോക്ക് മാതാവിന്‍റെ ആരോഗ്യത്തിലും പ്രതിഫലിച്ചു. രോഗം കഠിനമായി മിണ്ടാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് തിരികെ പോയി. പിന്നെ നീണ്ട കാലം രോഗാവസ്ഥയോട് പൊരുതി ജീവിക്കുകയായിരുന്നു കദീജക്കുട്ടി.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് വൈകിട്ട് വേങ്ങര പൂച്ചോലമാട്ടിലെ മകന്‍റെ വീട്ടില്‍ വെച്ചാണ് സിദ്ദീഖ് കാപ്പന്‍റെ മാതാവ് മരണപ്പെടുന്നത്. ഖബറടക്കം ഇന്ന് രാത്രി ഒമ്പതിന് പൂച്ചോലമാട് ജുമാ മസ്ജിദില്‍. സിദ്ദീഖ് കാപ്പനെ കൂടാതെ ആയിശ, ഫാത്തിമ, ഹംസ, മറിയുമ്മ, കതിയുമ്മ, അസ്മാബി എന്നീ മക്കളും കദീജക്കുട്ടിക്കുണ്ട്. കാപ്പൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാൻ കാരണമായ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന പ്രധാന വകുപ്പ് കഴിഞ്ഞ ദിവസം മഥുര കോടതി അസാധുവാക്കിയിരുന്നു. എന്നാൽ ഇവർക്കെതിരെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല. കാപ്പന്‍റെ ജാമ്യാപേക്ഷ 22നു കോടതി പരിഗണിക്കിക്കാനിരിക്കെയാണ് മാതാവിന്‍റെ അപ്രതീക്ഷിത വിയോഗം

You might also like

-