കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി.

കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്.

0

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്.

ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. കെവിന്‍റേത് ദുരഭിമാനക്കൊലയാണ്. കെവിന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടയാളാണ്. മുഖ്യാസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോൺ സംഭാഷണം ഇത് ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. കെവിൻ താഴ്ന്ന ജാതിയിൽപ്പെട്ടയാളാണെന്ന് ചാക്കോയോടും ലിജോയോടും പ്രതി സാനു ചാക്കോ പറഞ്ഞിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, നടന്നത് ദുരഭിമാന കൊല അല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് നീനുവിന്‍റെ അച്ഛന ചാക്കോ പറഞ്ഞിരുന്നു. താഴ്ന്ന ജാതി മേൽ ജാതി എന്നത് നിലനിൽക്കില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അനീഷ് മൊഴി നല്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ, 238 രേഖകളും 50ലേറെ തെളിവുകളും കോടതി പരിശോധിച്ചു.

2018 മെയ് 27 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ കാണാനില്ലെന്ന് അച്ഛൻ ജോസഫ് ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പൊലീസ് പരാതി അവഗണിച്ചു. മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും വിഷയം വിവാദമാകുകയും ചെയ്തപ്പോൾ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കെവിന്‍റെ സുഹൃത്തായ അനീഷിനെ ഷാനുവും കൂട്ടരും മര്‍ദ്ദിച്ചവശനാക്കി കോട്ടയത്തിനു സമീപം സംക്രാന്തിക്കവലയിൽ ഉപേക്ഷിച്ചിട്ട് കടന്നു. അനീഷ് പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചുവെങ്കിലും ഉടനെ നടപടിയുണ്ടായില്ല. അന്ന് തന്നെ മകളെ കാണാനില്ലെന്ന് നീനുവിന്‍റെ പിതാവ് ചാക്കോ പരാതിപെട്ടു. കെവിനൊപ്പം പോകണമെന്ന് നീനു പറഞ്ഞതിനാൽ കോടതി നീനുവിനെ കെവിന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

2018 മെയ് 28ന് പുലർച്ചെ തെന്മലയിൽ ചാലിയക്കര തോട്ടിൽ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയെയും അച്ഛൻ ചാക്കോ ജോണിനെയും പിടികൂടി.

കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കെവിന്‍റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് ഫോറൻസിക് റിപ്പോർട്ടും പിന്നാലെ വന്നു.

12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 2019 ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറ് മാറി. സസ്പെൻഷനിലായിരുന്നു എസ്ഐ എം എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നടപടി മരവിപ്പിച്ചു. കെവിൻ മുങ്ങിമരിച്ചതല്ല, മുക്കിക്കൊന്നതാണെന്ന് വിചാരണയ്ക്കിടെ പൊലീസ് സർജൻമാർ കോടതിയിൽ മൊഴി നൽകി.

നീനു കെവിന്‍റെ വീട്ടിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി ഇപ്പോൾ എംഎസ്‍ഡബ്ല്യുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. സംസ്ഥാനസർക്കാരാണ് നീനുവിന്‍റെ പഠനച്ചെലവ് വഹിക്കുന്നത്. വീട് വയ്ക്കാൻ സർക്കാർ നൽകിയ പണം ഉപയോഗിച്ച് കെവിന്‍റെ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്.

You might also like

-