കെവിന്‍ വധകേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറു മാറി

പൊലീസ് ഉദ്യോഗസ്ഥര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്നും പേപ്പറില്‍ എഴുതിയിരുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും മൊഴി നല്‍കി.

0

കോട്ടയം: കെവിന്‍ വധകേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറു മാറി. 27  സാക്ഷിയായ അലന്‍, 98ാം സാക്ഷിയായ സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്.

കേസിലെ 91-ാം സാക്ഷിയും, 92-ാം സാക്ഷിയും ഇന്നലെ കൂറുമാറിയിരുന്നു. രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ് മുനീര്‍ എന്നിവരാണ് കൂറുമാറിയത്. നിയാസിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പോലീസിനോട് ഇരുവരും സാക്ഷി പറഞ്ഞിരുന്നു. നിയാസിന്റെ ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചത് കണ്ടെന്നാണ് ഇരുവരും അന്ന് മൊഴി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറുന്നത് കണ്ടില്ലെന്ന് കോടതിയെ അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്നും പേപ്പറില്‍ എഴുതിയിരുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും മൊഴി നല്‍കി. ഇതോടെ ഇരുവരും കുറുമാറിയതായി കോടതി രേഖപ്പെടുത്തി. നേരത്തെ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം മൂന്നായി.

കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തുള്ള ചാലിയേക്കര സ്വദേശികളായ അലക്‌സ് പി.ചാക്കോ, ഹരികുമാര്‍ എന്നിവരെയും കോടതി വിസ്തരിച്ചു. അന്വേഷണ വേളയില്‍ പൊലീസ് കണ്ടെടുത്ത കൈവിന്റെ മുണ്ടും, പ്രതികള്‍ ഉപയോഗിച്ച വാളും രണ്ടു സാക്ഷികളും തിരിച്ചറിഞ്ഞു. കെവിന്റെ മുണ്ട് നാലാം പ്രതി ഷഫിന്‍ പൊലീസിന് കാണിച്ചുകൊടുക്കുന്നത് കണ്ടതായി നാട്ടുകാരനായ അലക്സ് പി ചാക്കോ മൊഴി നല്‍കി. 10-ാം പ്രതി വിഷ്ണു വടിവാളുകള്‍ എടുത്തുകൊടുക്കുന്നത് കണ്ടതായി 87ാം സാക്ഷി ഹരികുമാര്‍ പറഞ്ഞു. കണ്ടെടുത്ത വാളുകളും പ്രതി വിഷ്ണുവിനെയും ഹരികുമാര്‍ തിരിച്ചറിഞ്ഞു.

You might also like

-