നാല് കോവിഡ് മരണം കൂടി; കിന്‍ഫ്ര പാര്‍ക്കില്‍ 14 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് മുക്കത്ത് സി.ഐ ഉള്‍പ്പടെ അഞ്ചു പൊലീസുകാര്‍ ക്വാറന്റീനിലായി. പീഡനക്കേസ് പ്രതി സ്വര്‍ണം വിറ്റ ജ്വല്ലറിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പൊലിസുകാര്‍ ക്വാറന്റീനിലായത്
തിരുവനതപുരം : സംസ്ഥാനത്ത് നാലു പേര്‍കൂടി കോവിഡ‍് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കോഴിക്കോട് സ്വദേശി നൗഷാദ് മരിച്ചു. 49 വയസായിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദീനും കോഴിക്കോട് മെഡി. കോളജില്‍ മരിച്ചു. തേഞ്ഞിപ്പലം സ്വദേശി ഹസന്‍കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചു. 67 വയസുള്ള ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു. കൊല്ലം കോയിവിളയില്‍ ഇന്നലെ മരിച്ച രുഗ്മിണിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റിവായിതിരുവനന്തപുരം മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 14 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മ്യൂസിയം, വലിയതുറ സ്റ്റേഷനിലെ ഓരോ പൊലീസുകാര്‍ക്ക് രോഗം. പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലായി രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ്. പട്ടം വൈദ്യുതി ഭവനിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.
വയനാടിന് ആശങ്കയായി വാളാടുള്ള രോഗ്യവ്യാപനം തുടരുകയാണ്. ആന്റിജന്‍ ടെസ്റ്റില്‍ 41 പേര്‍ക്ക് കൂടിയാണ് രോഗം. കഴിഞ്ഞ നാലുദിവസത്തിനിടെ ഇവിടെ 91 കേസുകളുണ്ടായി. വയനാടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന പേരിയ ചുരത്തിലും വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പക്രംതളം ചുരത്തിലും കലക്ടര്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. താമരശേരി ചുരത്തില്‍ നിയന്ത്രണമില്ല. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ കിം പരീക്ഷയെഴുതിയ മണിയൂര്‍ സ്വദേശിയായ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ പരീക്ഷയെഴുതിയ മറ്റൊരുകുട്ടിക്ക് രോഗബാധയുണ്ടായിരുന്നു.
കോഴിക്കോട് മുക്കത്ത് സി.ഐ ഉള്‍പ്പടെ അഞ്ചു പൊലീസുകാര്‍ ക്വാറന്റീനിലായി. പീഡനക്കേസ് പ്രതി സ്വര്‍ണം വിറ്റ ജ്വല്ലറിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പൊലിസുകാര്‍ ക്വാറന്റീനിലായത്. വയോധികയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസന്വേഷണത്തിന്റെ ഭാഗമായി പൊലിസുകാര്‍ ജ്വല്ലറിയില്‍ എത്തിയിരുന്നു.