കേരളം കോൺഗ്രസ്സ് ചെയർമാൻ തർക്കം കോടതി വിധി ഇന്ന് , താത്കാലിക വെടിനിർത്തൽ

ജോസ് കെ മാണിയ്ക്ക് ചെയർമാന്‍റെ അധികാരങ്ങൾ പ്രയോഗിക്കുന്നതിനായിരുന്നു സ്റ്റേ. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി ഇന്ന് ഉത്തരവ് പറയുക.

0

കോട്ടയം: ജോസ് കെ മാണി കേരള കോൺഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കട്ടപ്പന സബ്കോടതി ഇന്ന് വിധി പറയും. ജോസഫ് പക്ഷം വിളിച്ച് കൂട്ടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലും ഇന്നാണ് വിധി. പാല ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങൾക്കും കോടതി വിധികൾ നിർണായകമാണ്.

ജോസ് കെ മാണിയെ ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടി ചെയർമാനായി തെരഞ്ഞെടുത്തത് ചോദ്യം ചെയ്ത് ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ഇടുക്കി മുൻസിഫ് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. ജോസ് കെ മാണിയ്ക്ക് ചെയർമാന്‍റെ അധികാരങ്ങൾ പ്രയോഗിക്കുന്നതിനായിരുന്നു സ്റ്റേ. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി ഇന്ന് ഉത്തരവ് പറയുക.

പാര്‍ട്ടി ചിഹ്നം സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കാനുള്ള അധികാരം പിജെ ജോസഫിൽ നിക്ഷിപ്തമാക്കിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം കോട്ടയം മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് എതിരായാൽ ജോസഫ് വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടിലയിലുള്ള പിടി അയയും.

മറിച്ചാണെങ്കിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അധികാരം ജോസഫ് പക്ഷത്തിനാണെന്നുള്ള വാദത്തിന് ബലമേറും.കോടതി വിധി എന്തായാലും ഇരുവിഭാഗങ്ങളും മേൽക്കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. എങ്കിലും വിധി അനുകൂലമായാൽ മുന്നണിയിലെ വിലപേശലിന് ഇത് സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് ഇരുപക്ഷവും

അതേസമയം ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കേരള കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലിന് ധാരണ. ഇന്നലെ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ രൂപപ്പെടുത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇരു വിഭാഗങ്ങളും പ്രത്യേകം ആശയ വിനിമയം നടത്തും. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താനും ധാരണ.
പാലായിലെ വിജയം യു.ഡി.എഫിന് മാത്രമല്ല കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും നിര്‍ണായകം. കെ.എം മാണിയുടെ പാല കൈവിട്ടാല്‍ അത് ജോസ് കെ മാണിക്ക് ഏല്‍പ്പിക്കുന്നത് വലിയ ആഘാതമാകും. പാര്‍ട്ടി തര്‍ക്കം പാലായിലെ പരാജയത്തിന് കാരണമാകരുതെന്ന് പി.ജെ ജോസഫ് വിഭാഗത്തിനും നിര്‍ബന്ധമുണ്ട്. ഈ സാഹചര്യമാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ യു.ഡി.എഫ് നേതാക്കള്‍ ഉപയോഗപ്പെടുത്തിയത്. സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് പോകുമ്പോള്‍ വിജയസാധ്യതക്കാണ് മുന്‍ഗണന. ജോസ് കെ മാണി വിഭാഗം ചര്‍ച്ച ചെയ്യുന്ന നിഷ കെ ജോസ് മാറി മറ്റൊരു പേരിലേക്ക് പോയാല്‍ അത്ഭുതപ്പെടേണ്ടെന്നാണ് ഇരു വിഭാഗങ്ങളും നല്‍കുന്ന സൂചന.

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ചകള്‍ നടത്തും. അതിന് ശേഷം യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിലിരുന്ന് അന്തിമ തീരുമാനത്തിലെത്താമെന്നാണ് ഇന്നലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ ധാരണ. സ്ഥാനാര്‍ഥി ജോസ് കെ മാണി വിഭാഗത്തില്‍ നല്‍കുന്നതില്‍ ജോസഫ് വിഭാഗത്തിന് വലിയ പ്രശ്നമില്ല.

എന്നാല്‍ പ്രഖ്യാപനവും ചിഹ്നം അനുവദിക്കുന്നതുള്‍പ്പെടെ ചെയര്‍മാന്‍റെ ചുമതലയുള്ള പി.ജെ ജോസഫ് ആയിരിക്കണമെന്ന് മാത്രം. ചര്‍ച്ചകള്‍ക്ക് രണ്ട് മൂന്ന് ദിവസത്തെ സാവകാശം രണ്ട് കൂട്ടരും ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ബുധനാഴ്ചക്ക് ശേഷമാകും യു.ഡി.എഫിലെ ചര്‍ച്ചകള്‍ സജീവമാവുക. ഇതിനിടയില്‍ രണ്ട് വിഭാഗങ്ങളുമായും യു.ഡി.എഫ് നേതാക്കള്‍ ആശയവിനിമയം തുടര്‍ന്നുകൊണ്ടിരിക്കും

You might also like

-