വീണ്ടും വിവേചനം റിപബ്ലിക് ദിന പരേഡിൽ കേരളത്തിന് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം
നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ എന്ത് കാരണങ്ങൾ കൊണ്ടാണ് അനുമതി നിഷേധിച്ചരിക്കുന്നത് എന്ന് വ്യക്തമാക്കാതെയാണ് കേന്ദ്രത്തിന്റെ നീക്കം
ഡൽഹി :റിപബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും പ്രദർശനാനുമതി നൽകാതെ കേന്ദ്രം. പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ കേരളത്തെ പുറത്താക്കുകയായിരുന്നു. 16 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി റിപബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാനായി 22 നിർദ്ദേശങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വന്നത്.
നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ എന്ത് കാരണങ്ങൾ കൊണ്ടാണ് അനുമതി നിഷേധിച്ചരിക്കുന്നത് എന്ന് വ്യക്തമാക്കാതെയാണ് കേന്ദ്രത്തിന്റെ നീക്കം. ആദ്യ മൂന്ന് റൗണ്ടുകളിലും കേരളത്തിന്‍റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു.
കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുൾപ്പെട്ട നിശ്ചദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്. പ്രദർശനാനുമതി സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിന്‍റെ ഉദ്യോഗസ്ഥരുടെ പ്രതികരണമെങ്കിലും പുറത്തിറങ്ങിയ അന്തിമ പട്ടികയിൽ കേരളമില്ല. തുടർച്ചയായി രണ്ടാം വർഷമാണ് കേന്ദ്രം ഇത്തരത്തില്‍ കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് പ്രദർശനാനുമതി നിഷേധിച്ചത്.ബംഗാളിനെ ഒഴിവാക്കിയത് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. പ്രതിഷേധങ്ങളോട് കേന്ദ്ര സർക്കാർ പ്രതികാരം ചെയ്യുകയാണ് കേന്ദ്രമെന്നാണ് ത്രിണമൂൽ കോൺഗ്രസിന്‍റെ ആരോപണം.