പാർട്ടി പിടിച്ചടുക്കാൻ രഹസ്യ നീക്കം ജോസ് കെ മാണിയുടെ വീട്ടിൽ യോഗം; അഞ്ച് ജില്ലാ പ്രസിഡന്റുമാർ പങ്കെടുത്തു
എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർക്ക് പുറമേ അഞ്ച് ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു
പാലാ: ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ പാലായിൽ ജോസ് കെ മാണിയുടെ വീട്ടിൽ നേതാക്കൾ രഹസ്യയോഗം ചേർന്നു. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർക്ക് പുറമേ അഞ്ച് ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു. സമവായം ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് യോഗത്തിന് ശേഷം ജോസ് കെ മാണി പ്രതികരിച്ചു. ഈ മാസം 9 ന് മുമ്പ് തന്നെ കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം വിളിക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞതിന് പിന്നാലെയാണ് മാണി വിഭാഗം നേതാക്കൾ യോഗം ചേർന്നത്.
കേരള കോൺഗ്രസിൽ ഒരു അനിശ്ചിതത്വവുമില്ലെന്നും സമവായത്തിലെത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പി.ജെ ജോസഫ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുതിർന്ന നേതാക്കളടക്കം സമവായത്തിലൂടെ മുന്നോട്ടു പോകണമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നും സഭാ നേതൃത്വവും യുഡിഎഫും സമവായത്തിലൂടെയുള്ള പ്രശ്‌ന പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും പി.ജെ ജോസഫ് വ്യക്തമാക്കിയിരുന്നു.
ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കലഹം രൂക്ഷമായിരിക്കുന്ന കേരള കോൺഗ്രസിൽ പാർലമെന്ററി പാർട്ടി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം പി.ജെ ജോസഫിന് കത്ത് നൽകിയിരുന്നു. നിയമസഭയിൽ പിജെ ജോസഫിന് മുൻനിര സീറ്റ് നൽകുന്നതിനെതിരെ ജോസ് കെ മാണി വിഭാഗം എംഎൽഎ റോഷി അഗസ്റ്റിൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ജൂൺ 9 ന് മുമ്പ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദേശം നൽകുകയും ചെയ്തിരുന്നു.