സെമിഫൈനലിൽ ഗോൾ മഴ പെയ്യിച്ച് ഫൈനലിൽ കേരളം
ആദ്യപകുതിയിൽ 10 മിനിറ്റിനിടെയായിരുന്നു ജെസിന്റെ ഹാട്രിക്. ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഗിലും ഒരു ഗോൾ നേടി. 35,42,45,56,74 മിനിറ്റുകളിലായിരുന്നു പകരക്കാരനായി എത്തിയ ജെസിന്റെ ഗോളുകൾ പിറന്നത്
മലപ്പുറം| സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോൾ മഴ പെയ്യിച്ച് കേരളം ഫൈനലിൽ പ്രവേശിച്ചു. കർണാടകയെ 7-3ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. കേരളത്തിന്റെ ടി.കെ ജെസിൻ അഞ്ച് തവണയാണ് കർണാടകയുടെ വലകുലുക്കിയത്. ഷിഗിലും അർജുൻ ജയരാജും ഓരോ ഗോൾ വീതവും നേടി. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ 15-ാം തവണയാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്. ആറ് തവണ കേരളം കപ്പുയർത്തിയിട്ടുണ്ട്.
ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് കേരളത്തിന്റെ വമ്പൻ തിരിച്ചുവരവ്. ആദ്യപകുതിയിൽ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയിൽ 10 മിനിറ്റിനിടെയായിരുന്നു ജെസിന്റെ ഹാട്രിക്. ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഗിലും ഒരു ഗോൾ നേടി. 35,42,45,56,74 മിനിറ്റുകളിലായിരുന്നു പകരക്കാരനായി എത്തിയ ജെസിന്റെ ഗോളുകൾ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിലും കേരളത്തിന് തന്നെയായിരുന്നു ലീഡ്. 62-ാം മിനിറ്റിലാണ് ജയരാജ് കർണാടകയുടെ വലകുലുക്കിയത്.
ആദ്യ ഗോൾ നേടിയത് കർണാടകയായിരുന്നെങ്കിലും, പകരക്കാരനായി ജെസിൻ എത്തിയതോടെ കേരളത്തിന്റെ രാശി തെളിയുകയായിരുന്നു. 24ാം മിനിറ്റിൽ സുധീർ കർണാടകയ്‌ക്കായി ആദ്യ ഗോൾ നേടിയതോടെ സ്റ്റേഡിയം ഒരു നിമിഷം നിരാശരായി. പക്ഷേ, കർണാടകയുടെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 34-ാം മിനിറ്റിൽ ജെസിൻ ഗോൾ തിരിച്ചടിച്ചു. പിന്നീട് മലപ്പുറം സാക്ഷ്യം വഹിച്ചത് ജെസിന്റെ ആറാട്ടിനായിരുന്നു.