കൊടും ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് വീണ്ടും 41 ഡിഗ്രി ചൂട്സൂര്യാതപ മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി

ഈ മാസം സൂര്യതപത്തിൽ പൊള്ളലേറ്റ് ചികിൽസതേടിയവരുടെ എണ്ണം 125 ആയി. കൊല്ലം , ആലപ്പുഴ, കോട്ടയം, എറണാകുളം ,തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ സൂര്യാതപ മുന്നറിയിപ്പ് തുടരുകയാണ്. അടുത്ത നാല് ദിവസങ്ങളിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരാം

0

തിരുവനതപുരം : സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു. പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.ഈ വർഷത്തെ ഉയർന്ന ചൂടിലേക്ക് സംസ്ഥാനം എത്തിയതോടെ വെന്തുരുകുകയാണ് കേരളം. ഇന്ന് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ 41 ഡിഗ്രി സംസ്ഥാനത്ത് ഈ വർഷത്തെ ഉയർന്ന താപനിലയാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 41 ഡിഗ്രി എത്തുന്നത്. സംസ്ഥാനത്ത് പ്രഖ്യാപിച്ച സൂര്യാതപ മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി. ഇന്ന് മൂന്നു പേർ സൂര്യാഘാതമേറ്റ് ചികിത്സ തേടി

സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലാക്കാട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ് സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5. സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 40.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ടത്

ഈ മാസം സൂര്യതപത്തിൽ പൊള്ളലേറ്റ് ചികിൽസതേടിയവരുടെ എണ്ണം 125 ആയി. കൊല്ലം , ആലപ്പുഴ, കോട്ടയം, എറണാകുളം ,തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ സൂര്യാതപ മുന്നറിയിപ്പ് തുടരുകയാണ്. അടുത്ത നാല് ദിവസങ്ങളിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരാം. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത ജാഗ്രത തുടരും. തൊഴിൽ മേഖലയിൽ കൊണ്ടുവന്ന സമയ ക്രമീകരണങ്ങളും വിദ്യാഭ്യാസ സ്ഥാനനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് സർക്കാർ ആവർത്തിച്ചു നിർദേശിച്ചിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർക്ക് ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് നൽകി. വെയിലേൽക്കാത്ത വസ്ത്രങ്ങൾ ധരിച്ച് വേണം സഞ്ചാരം. ഇക്കാര്യം ഓൺലൈൻ കമ്പനികൾ ഉറപ്പുവരുത്തണം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. വരൾച്ചാ മുൻകരുതൽ നടപടികൾക്കായി ജില്ലാ കളക്ടർമാർക്ക് 50 ലക്ഷം രൂപ വീതം അനുവദിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം വ്യാപകമാക്കാൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

You might also like

-