കേരളം ഹൈക്കോടതി ഏപ്രിൽ 8 വരെ അടച്ചു
ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും
കൊച്ചി: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി അടയ്ക്കാന്‍ തീരുമാനം. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്. തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി താല്‍ക്കാലികമായി അടയ്ക്കുന്നത്. ഏപ്രില്‍ എട്ടിന് കോടതിയുടെ മധ്യവേനല്‍ അവധി ആരംഭിക്കും. അന്നുവരെ കോടതി അടയ്ക്കാനാണ് തീരുമാനം.
ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും.മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിര്‍ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുമില്ല.