കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരിഹാസവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ

ചർച്ചയായതോടെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്നാണ് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ അവകാശപ്പെടുന്നത്. മാസ് റിപ്പോർട്ടിംഗ് നടന്നതിനാൽ മെറ്റ പിൻവലിച്ചതാണെന്നാണ് ഇവർ നൽകിയിരിക്കുന്ന വിശദീകരണം

പത്തനംതിട്ട| ആന ഷോക്കേറ്റ് ചരിഞ്ഞതിൽ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ മോചിപ്പിച്ചതിൽ വിമർശനവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎൽഎക്കെതിരെ പരിഹാസവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ രംഗത്ത് വന്നത്. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണമെന്നും അസോസിയേഷൻ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

ചർച്ചയായതോടെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്നാണ് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ അവകാശപ്പെടുന്നത്. മാസ് റിപ്പോർട്ടിംഗ് നടന്നതിനാൽ മെറ്റ പിൻവലിച്ചതാണെന്നാണ് ഇവർ നൽകിയിരിക്കുന്ന വിശദീകരണം.കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനായി വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കെ യു ജനീഷ് കുമാർ എംഎൽഎ നടുവത്തുമൂഴി റേ‍ഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരോട് എംഎല്‍എ കയർത്ത് സംസാരിച്ചു എന്നുമായിരുന്നു ആക്ഷേപം. അതേസമയം ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താൻ ഈ കേസിൽ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെയു ജനീഷ് കുമാ‍ർ എംഎൽഎയുടെ വാദം

കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ പോസ്റ്റിന്റെ പൂർണരൂപം:

‘‘പ്രിയപ്പെട്ട എംഎൽഎ, അങ്ങ് മുൻകൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണം. ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ ആണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ മുഴുവൻ വെടിവച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾവരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം. കത്തിച്ച് കളയണം. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറിക്കളയുന്ന കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ആയതിന് ചൂട്ട്പിടിച്ച പൊലീസ് ഏമാന് നല്ല നമസ്കാരം. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു’’.

You might also like

-