സമവായമില്ല; സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി
പാർട്ടിയിൽ യാതൊരു അനിശ്ചിതത്വവും ഇല്ല. പാർട്ടി ചെയർമാനും പാർലമെന്‍ററി പാർട്ടി നേതാവും തങ്ങളുടെ ഭാഗത്താണ്. അതിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ സമവായം വേണം. കോൺഗ്രസ് പാർട്ടി അടക്കം കേരളാ കോൺഗ്രസിന്‍റെ അഭ്യുദയകാംക്ഷികളെല്ലാം സമവായം വേണമെന്ന അഭിപ്രായത്തിലാണ്.
കോട്ടയം: സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിന് തൊട്ടുപിന്നാലെ ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ് തുറന്നടിച്ചു. സമവായ നീക്കം പൊളിക്കാൻ ശ്രമിക്കുന്നത് ജോസ് കെ മാണി വിഭാഗമാണെന്നും തന്നെ ചെയർമാനായി അംഗീകരിച്ചാൽ മാത്രമേ ഇനി യോഗങ്ങൾ വിളിക്കൂ എന്നും പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു. ഗ്രൂപ്പ് പ്രശ്നമല്ല പാർട്ടിയിലുള്ളത്, സമവായത്തിന്‍റെ ആളുകളും പിളർപ്പിന്‍റെ ആളുകളും തമ്മിലുള്ള പ്രശ്നമാണ്. കെ എം മാണിയുടെ കീഴ്വഴക്കങ്ങൾ ജോസ് കെ മാണി വിഭാഗം ലംഘിക്കുകയാണെന്ന് പി ജെ ജോസഫ് ആരോപിച്ചു. തീരുമാനങ്ങൾ ചെറിയ സമിതി ചർച്ച ചെയ്ത് സംസ്ഥാന കമ്മിറ്റിയിൽ പാസാക്കുന്നതായിരുന്നു കെ എം മാണിയുടെ കീഴ്വഴക്കമെന്നും പി ജെ ജോസഫ് പറഞ്ഞു.
പാർട്ടിയിൽ യാതൊരു അനിശ്ചിതത്വവും ഇല്ല. പാർട്ടി ചെയർമാനും പാർലമെന്‍ററി പാർട്ടി നേതാവും തങ്ങളുടെ ഭാഗത്താണ്. അതിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ സമവായം വേണം. കോൺഗ്രസ് പാർട്ടി അടക്കം കേരളാ കോൺഗ്രസിന്‍റെ അഭ്യുദയകാംക്ഷികളെല്ലാം സമവായം വേണമെന്ന അഭിപ്രായത്തിലാണ്. അതിന് എതിര് നിൽക്കുന്നത് ജോസ് കെ മാണി വിഭാഗം മാത്രമാണ്. മാണിസാർ ചോരയും നീരും കൊടുത്ത് വളർത്തിയ പാർട്ടിയിൽ അദ്ദേഹത്തിന്‍റെ ആളല്ലേ ചെയർമാൻ ആകേണ്ടത് എന്നാണ് ചോദിക്കുന്നത്. ശിഹാബ് തങ്ങൾ മരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ മകനാണോ മുസ്ലീം ലീഗിന്‍റെ നേതൃത്വം ഏറ്റെടുത്തതെന്ന് പി ജെ ജോസഫ് ചോദിച്ചു.
ഒരു പാർട്ടിയാണെങ്കിലും ഇനി ഔദ്യോഗികമായി പിരിഞ്ഞാൽ മതി എന്ന തരത്തിൽ രണ്ട് പാർട്ടിയെപ്പോലെയാണ് കേരളാ കോൺഗ്രസ് (എം) ലെ ഇരുവിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. സി എഫ് തോമസിന്‍റെ നിലപാട് എന്താകും എന്നാണ് ഇനി നിർണ്ണായകമാകുന്നത്. സി എഫ് തോമസ് ഒപ്പം നിൽക്കുന്ന വിഭാഗത്തിന് നിയമസഭാ പാർലമെന്‍ററി പാർട്ടിയിൽ ഭൂരിപക്ഷം കിട്ടും.
ജൂൺ പത്താം തീയതിക്ക് മുമ്പ് പുതിയ കക്ഷി നേതാവിനെ തെരഞ്ഞെടുത്തുകൊണ്ട് സ്പീക്കർക്ക് കത്ത് നൽകണം. അതിന് മുമ്പ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കണം എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ പാർട്ടിൽ സങ്കീർണ്ണമായ പ്രശ്നങ്ങളുള്ളതുകൊണ്ട് പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകാനാണ് പി ജെ ജോസഫിന്‍റെ തീരുമാനം. തർക്കത്തിൽ സമവായത്തിൽ എത്താതെ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കുന്ന പ്രശ്നമില്ലെന്നും പി ജെ ജോസഫ് പറയുന്നു. എന്നാൽ പാർട്ടി വിപ്പായ ജോഷി അഗസ്റ്റിൻ ഇതിനെതിരായി സ്പീക്കർക്ക് കത്തുനൽകാനാണ് ജോസ് കെ മാണി വിഭാഗം തീരുമാനിച്ചിരിക്കുന്നത്.