ഭൂ നിയമ ഭേദഗതിയിൽ വീണ്ടും എതിർപ്പുമായി കേരളാകോൺഗ്രസ് മാണി , സംസഥാനത്തിന്ഏകികൃത ഭൂ നിയമം വേണം

സംസ്ഥാനത്ത് വിവിധ നിയമങ്ങൾ നിലനിൽക്കുന്നത് അസമത്വം സൃഷ്ടിക്കുമെന്ന് കേരളാകോൺഗ്രസ് നേതൃ യോഗം വിലയിരുത്തി .കേരളാകോൺഗ്രസ് നേതൃ യോഗത്തിന്റെ തീരുമാനമായി പാർട്ടി ചെയർമാൻ ജോസ്‌ കെ മാണി തയ്യാറാക്കി അവതരിപ്പിച്ച പ്രമേയത്തിലാണ് സംസ്ഥാനത്തെ ഭൂ നിയമങ്ങൾക്ക് പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുള്ളത്

0

കോട്ടയം | സംസ്ഥാനത്ത് ഏകികൃത ഭൂ നിയമം കൊണ്ടുവരണമെന്ന് കേരളാകോൺഗ്രസ് മാണി ഗ്രൂപ്പ് .1960 ഭൂ നിയമനം ഭേദഗതി ചെയ്തതുകൊണ്ട് സംസ്ഥാനത്തെ ഭൂ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലന്നും ഭൂമിയുമായി ബന്ധപെട്ടു സംസ്ഥാനത്ത് വിവിധ നിയമങ്ങൾ നിലനിൽക്കുന്നത് അസമത്വം സൃഷ്ടിക്കുമെന്ന് കേരളാകോൺഗ്രസ് നേതൃ യോഗം വിലയിരുത്തി .കേരളാകോൺഗ്രസ് നേതൃ യോഗത്തിന്റെ തീരുമാനമായി പാർട്ടി ചെയർമാൻ ജോസ്‌ കെ മാണി തയ്യാറാക്കി അവതരിപ്പിച്ച പ്രമേയത്തിലാണ് സംസ്ഥാനത്തെ ഭൂ നിയമങ്ങൾക്ക് പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുള്ളത് . കേരളാകോൺഗ്രസ് പാർട്ടിയുടെ നിലപട് ഇടതുമുന്നണിയിലെ മറ്റു കക്ഷികളുമായി ചർച്ചചെയ്യാനും യോഗം ജോസ് കെ മാണിയെ ചുമതല പെടുത്തിയിട്ടുണ്ട് . മുൻപ് സർവ്വ സ്വതന്ത്ര ഭൂമി കർഷകന്റെ അവകാശമാണെന്ന് ജോസ് കെ മാണി പ്രസ്താവന നടത്തിയിരുന്നു .

പ്രമേയത്തിന്റെ പൂർണ്ണ രൂപം

ഭൂമി സംബന്ധമായ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കേണ്ടതിനെ സംബന്ധിച്ച നോട്ട്

• 1957 ലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒന്നാമത്തെ നിയമനിര്‍മ്മാണം സ്റ്റേ ഓഫ് എവിക്ഷന്‍ പ്രൊസീഡിംഗ്‌സ് ആക്ട് 1957 ആയിരുന്നു.
• 1959 ജൂണ്‍ 10 ന് കേരള അഗ്രേറിയന്‍ റിലേഷന്‍സ് നിയമം നിയമസഭ പാസാക്കി.
• 1963 ല്‍ കേരള ഭൂപരിഷ്‌കരണ നിയമം നിയമസഭ പാസാക്കി.
• ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1969 ല്‍ ഭൂപരിഷ്‌കരണ നിയമത്തിന് നിയമഭേദഗതി കൊണ്ടുവന്നു. (1969 ലെ 35-ാം നിയമം)
• 1969 ഒക്‌ടോബര്‍ 24 ന് ഇ.എം.എസ്. മന്ത്രിസഭ രാജിവച്ചു. അതുവരെ 1969 ലെ ഭൂപരിഷ്‌കരണ നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല.
• 1969 നവംബര്‍ ഒന്നിന് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ ഐക്യമുന്നണി മന്ത്രിസഭ. സി.പി.ഐ. (എം) പ്രതിപക്ഷത്ത്.
• ഇ.എം.എസ്. മന്ത്രിസഭ പാസാക്കിയ 1969 ലെ 35-ാം ഭൂപരിഷ്‌കരണ നിയമഭേദഗതി 1969 ഡിസംബര്‍ 16 ന് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നു. അങ്ങനെ ഇ.എം.എസ്. മന്ത്രിസഭയുടെ ചരിത്ര നിയമനിര്‍മ്മാണം 1.1.1970 മുതല്‍ കേരളത്തില്‍ നിയമമായി. 1963ലെ കേരള ഭൂപരിഷ്‌കരണ നിയമം.
• ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനായി ഭൂമി ഏറ്റെടുക്കുന്ന അഗ്രേറിയന്‍ റിഫോംസിന്റെ ഭാഗമായി 1971 ല്‍ കണ്ണന്‍ദേവന്‍ ഹില്‍സ് റിസംപ്ഷന്‍ ഓഫ് ലാന്‍ഡ് ആക്ട് നിയമസഭ പാസാക്കി. ഇതുപ്രകാരം മൂന്നാറില്‍ 127881 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാരിന് ലഭിച്ചു.
• അഗ്രേറിയന്‍ റിഫോംസിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത 127881 ഏക്കര്‍ കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കലിനെതിരെ കണ്ണന്‍ ദേവന്‍ കമ്പനി സുപ്രീംകോടതിയില്‍.
• സുപ്രീംകോടതിയുടെ 5 അംഗ ബഞ്ച് കണ്ണന്‍ ദേവന്‍ ഭൂമി ഏറ്റെടുത്ത നിയമം 27.4.1972 ല്‍ ശരി വയ്ക്കുന്നു.
• സുപ്രീംകോടതി അനുകൂല വിധി നല്‍കിയിട്ടും 29.3.1974 ല്‍ അന്നത്തെ ലാന്‍ഡ് ബോര്‍ഡ് കെ.സി. ശങ്കരനാരായണന്‍ കണ്ണന്‍ദേവന്‍ കമ്പനിക്ക് പ്ലാന്റേഷന്‍ എന്ന നിര്‍വചനത്തില്‍പെടുത്തി മിച്ചഭൂമിയില്‍ നിന്നും ഒഴിവാക്കേണ്ടിയിരുന്ന 23239.06 ഏക്കര്‍ തേയിലതോട്ടത്തിന് പകരം 57359.14 ഏക്കര്‍ ഭൂമി കണ്ണന്‍ ദേവന് തിരികെ നല്‍കി. തോട്ടഭൂമി ഉള്‍പ്പെടെ ഭൂപരിഷ്‌കരണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുകയാണെങ്കില്‍ 29.3.1974 ലെ ലാന്‍ഡ് ബോര്‍ഡ് തീരുമാനം അടക്കം പുനപരിശോധിക്കണം.
• കണ്ണന്‍ ദേവനില്‍ നിന്നും ഏറ്റെടുത്ത 127881 ഏക്കര്‍ ഭൂമിയില്‍ കമ്പനിക്ക് നിയമവിരുദ്ധമായി തിരികെ നല്‍കിയ 57359.14 ഏക്കര്‍ ഭൂമിയുടെ ബാക്കി 70520.12 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടായിരുന്നു.
• എന്നാല്‍ നിയമസഭ പോലും അറിയാതെ ഈ 70520.12 ഏക്കര്‍ ഭൂമിയില്‍ മാങ്കുളം ഭാഗത്ത് 5189 ഏക്കര്‍ മാത്രം മിച്ച ഭൂമിയായി വിതരണം ചെയ്താല്‍ മതിയെന്ന് ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കുകയും ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും നല്‍കാന്‍ സാധിക്കുന്ന 65331 ഏക്കര്‍ കൃഷി ഭൂമി വനമാക്കി.
• ദേശീയ തലത്തില്‍ വനവിസ്തൃതി ആകെ ഭൂമിയുടെ 21.71% ആണെങ്കില്‍ കേരളത്തില്‍ അത് 24.91% ആണ്. വനാവരണം (കൃഷിഭൂമിയിലടക്കമുള്ള വൃക്ഷങ്ങളെ ഉള്‍പ്പെടുത്തിയുള്ള പച്ചപ്പ്) ദേശീയ തലത്തില്‍ 24.62% മാത്രമാണെങ്കില്‍ കേരളത്തില്‍ അത് 54.7% ആണ്. ചുരുക്കത്തില്‍ കൂടുതല്‍ വനവും വനാവരണവുമുള്ള കേരളത്തില്‍ വനവിസ്തൃതി കൂട്ടേണ്ട കാര്യമില്ലായിരുന്നു.
• അവസാനത്തെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 27 ലക്ഷം ഭൂരഹിതരുണ്ട്. 5 ലക്ഷത്തിലധികം ആദിവാസി, പട്ടികജാതി പട്ടികവര്‍ഗ്ഗ ഭൂരഹിത കര്‍ഷകര്‍ ഭൂമിക്കായി കഴിഞ്ഞ 40 വര്‍ഷം കാത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി ഏറ്റെടുത്ത 65331 ഏക്കര്‍ കൃഷിഭൂമി വനമാക്കിയത് പുനപരിശോധിക്കണം.
• ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനായി കൊണ്ടുവന്ന മറ്റൊരു നിയമമായിരുന്നു 1971 ലെ സ്വകാര്യ വനം ഏറ്റെടുക്കല്‍ നിയമം. ഇതിലൂടെ സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തത് 158614.70 ഹെക്ടര്‍ ഭൂമിയായിരുന്നു. സതേണ്‍ വനസര്‍ക്കിളില്‍ 1005.7 ഹെക്ടര്‍, ഹൈറേഞ്ച്, കോട്ടയം സര്‍ക്കിളില്‍ 3477.6 ഹെക്ടര്‍, തൃശ്ശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ 430.9 ഹെക്ടര്‍, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 98593.90 ഹെക്ടര്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 54684 ഹെക്ടര്‍, മറ്റിടങ്ങളിലായി 422.6 ഹെക്ടര്‍ അടക്കം 158614.70 ഹെക്ടറായിരുന്നു 1971 ലെ സ്വകാര്യ വനം ഏറ്റെടുക്കല്‍ നിയമത്തിലൂടെ ഭൂരഹിതര്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്.
• ഈ 158614.7 ഹെക്ടര്‍ ഭൂമിയും നിയമസഭ പോലും അറിയാതെ വനമാക്കി മാറ്റി. 27 ലക്ഷം ഭൂരഹിതര്‍ കേരളത്തിലുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ വനവല്‍ക്കരണ തീരുമാനവും രാഷ്ട്രീയപരമായി പുനപരിശോധിക്കപ്പെടണം.
• 1963 ലെ ഭൂപരിഷ്‌കരണ നിയമത്തില്‍ തോട്ടങ്ങളുടെ നിര്‍വചനത്തില്‍ പെട്ട് ഒഴിവ് കിട്ടിയ ഭൂമിയില്‍ നാട്ടിലെ കുടുംബവ്യവസ്ഥയില്‍ വന്നിട്ടുള്ള തുടര്‍മാറ്റങ്ങളാലും ഭൂമി തലമുറകളായി അനന്തരാവകാശികള്‍ക്ക് വീതം വച്ചു നല്‍കിയതിനാലും പല ഘട്ടങ്ങളിലും ഇപ്രകാരം ഇളവു നല്‍കിയ/കിട്ടിയ തോട്ട ഭൂമിയില്‍ 1970 മുതല്‍ തന്നെ തരംമാറ്റവും കൈമാറ്റവും അനിവാര്യമായി വന്നിട്ടുണ്ട്. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയ 1970 ലെ അവസ്ഥയല്ല 2024 ല്‍. തോട്ടങ്ങള്‍ ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ചെയ്ത നടപടിയല്ല ഇത്. തോട്ടമുടമയായ ഒരു ഗൃഹനാഥന്‍ മരണപ്പെട്ടാല്‍ പിന്‍തുടര്‍ച്ചാവകാശികള്‍ എന്ന നിലയില്‍ ഭാര്യയും മക്കളും അവര്‍ക്കവകാശപ്പെട്ട ഭൂസ്വത്ത് ഭാഗപത്രാധാരപ്രകാരം ഭാഗം ചെയ്ത് പ്രത്യേകം പ്രത്യേകം തുണ്ടുഭൂമിയായി ഏറ്റുവാങ്ങി കൈവശം വയ്ക്കുകയും അടുത്ത തലമുറയ്ക്ക് അത് വീണ്ടും ഭാഗം ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും തരംമാറ്റല്‍ നടന്നിട്ടുണ്ട്.
• 1970 മുതല്‍ 2023 വരെയുള്ള മേല്‍വിഷയങ്ങള്‍ കണക്കിലെടുത്ത് 23.10.2021 ല്‍ എല്‍.ബി. 5423/2021/എ3 ആയി കേരള സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് 12 പേജുള്ള ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തോട്ടഭൂമിയെ സംബന്ധിച്ച ഒട്ടുമിക്ക പ്രശ്‌നങ്ങളും മേല്‍സര്‍ക്കുലറിലൂടെ ജനോപകാരപ്രദമായി പരിഹരിക്കാന്‍ 2-ാം പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ജനോപകാരപ്രദ ആശ്വാസ നടപടിയായിരുന്നു ഈ സര്‍ക്കുലര്‍.
• തോട്ടഭൂമി ഉള്‍പ്പെടെ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 23.10.2021 ല്‍ സംസ്ഥാന ലാന്റ് ബോര്‍ഡ് ഇറക്കിയ വിവാദ സര്‍ക്കുലറിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനമാണെന്ന് വ്യക്തമാക്കി 11.6.2024 ല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ തിരുത്തല്‍ ഉത്തരവ് ലക്ഷക്കണക്കിന് ഭൂവുടമകളെ ദുരിതത്തിലാഴ്ത്തിയിരുന്നു.
• കഴിഞ്ഞ 60 വര്‍ഷമായിട്ടും സര്‍ക്കാര്‍ ഏറ്റെടുത്ത മറ്റ് മിച്ചഭൂമി കാര്യമായി വിതരണം ചെയ്യാനായില്ല. ഇനി മിച്ചഭൂമി വിതരണം അസാധ്യമാണ്. കാരണം 1964 ലെ കേരള ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം ഇനി ഒരു സെന്റ് ഭൂമി പോലും ഭൂരഹിതര്‍ക്ക് നല്‍കുന്നത് കേരള ഹൈക്കോടതിയിലെ പരിസ്ഥിതി ഡിവിഷന്‍ ബെഞ്ചായ ജസ്റ്റീസ് മുസ്താക്ക് അഹമ്മദും ശോഭ അന്നമ്മ ഈപ്പനും മൂന്നാറിനെ സംബന്ധിച്ച് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് WPC 1801/2010 നമ്പര്‍ പൊതുതാല്പര്യ ഹര്‍ജിയിലെ 10.01.2024 ലെ ഇടക്കാല ഉത്തരവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. 6 മാസം കഴിഞ്ഞിട്ടും സ്റ്റേ നീക്കാന്‍ റവന്യുവകുപ്പ് യാതൊരു നടപടിയും എടുത്തിട്ടില്ല.
• 1963 ല്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയ സാമൂഹിക/സാമ്പത്തിക/രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്. കേരളത്തില്‍ ഭൂമിയെ സംബന്ധിച്ച് ഒട്ടനവധി നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും കാലഹരണപ്പെട്ടവയാണ്. ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലാത്ത കാലഹരണപ്പെട്ട നിയമങ്ങളെ അടിസ്ഥാനമാക്കി ലക്ഷക്കണക്കിന് കേസുകളാണ് ജനങ്ങള്‍ക്കെതിരെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും കോടതികളിലും ഫയല്‍ ചെയ്തിരിക്കുന്നത്.
• ഭൂമി സംബന്ധമായ നിരവധി കേസുകള്‍ കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിലനില്‍ക്കുന്നു. ഇതിലൊക്കെ ജനപക്ഷത്തു നിന്നും ശാശ്വതമായ പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു.
• പശ്ചിമഘട്ടത്തില്‍ ഇടുക്കിയില്‍ മാത്രമല്ല പശ്ചിമഘട്ടത്തിലൊന്നാകെ ഭൂമി വിഷയങ്ങള്‍ കോടതിതിണ്ണയിലാണ്. കേരളത്തിലെ കര്‍ഷകരെയും അവരുടെ കൃഷിഭൂമിയേയും പൊതുതാല്പര്യ കേസുകളില്‍ കുടുക്കണമെന്ന ആരുടെയോ നിര്‍ദ്ദേശത്തിനനുസൃതം നീങ്ങുന്ന കുറെ പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംഘടനകളും. ഭൂമി സംബന്ധമായ ഏതു നിയമമോ ചട്ടമോ പാസാക്കിയാലും അതിനെ കോടതിയില്‍ എത്തിക്കാന്‍ കാത്തിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍. കേരളത്തിലെ ഭൂമിയെ സംബന്ധിച്ച മുഴുവന്‍ നിയമങ്ങളും കാലോചിതമായി പരിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 27 ലക്ഷം കുടുംബങ്ങള്‍ കേരളത്തില്‍ സ്വന്തം ഭൂമിക്കായി കാത്തിരിക്കുന്നു. അവര്‍ക്കൊക്കെ ഭൂമി നല്‍കണം. ഭൂരഹിതര്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ സ്വന്തമാക്കിയ 2 ലക്ഷത്തിലധികം ഹെക്ടര്‍ കൃഷി ഭൂമി ആരുമറിയാതെ വനമാക്കി മാറ്റിയിരിക്കുന്നു. അതും നിയമസഭ പാസാക്കിയ നിയമത്തിന് കടകവിരുദ്ധമായി.
• ഭൂമി സംബന്ധമായ മുഴുവന്‍ വിഷയങ്ങളും പഠനവിധേയമാക്കുന്നതിനും കാലോചിതമായ ജനോപകാരപ്രദ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി ഇടതു ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഉപസമിതി അടിയന്തിരമായി രൂപീകരിക്കണം. ഉപസമിതിയെ സഹായിക്കാന്‍ റവന്യു, വനം, കൃഷി, തദ്ദേശസ്വയംഭരണം, നിയമം, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തണം.
• 1960 മുതല്‍ നാളിതുവരെ കേരളത്തില്‍ പാസാക്കിയ ഭൂമിയെ സംബന്ധിച്ച മുഴുവന്‍ നിയമങ്ങളും കാലോചിതമായി പരിഷ്‌കരിക്കാനും ഒറ്റ ഭൂമി നിയമവും ചട്ടവുമായി നിലവിലെ ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനും ക്രോഡികരിക്കുന്നതിനും രണ്ട് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഒരു ”ഭൂമി നിയമപരിഷ്‌കരണ കമ്മീഷന്‍” സര്‍ക്കാര്‍ രൂപീകരിക്കണം.

You might also like

-