സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് തട മന്ത്രിസഭാ യോഗം തീരുമാ നം

കേരളത്തില്‍ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിര്‍ദേശിച്ചിരുന്നു

0

തിരുവനന്തപുരം: സിബിഐ അന്വേഷണത്തിന് തടയിട്ട് സംസ്ഥാന സര്‍ക്കാര്. സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു.ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും.

കേരളത്തില്‍ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിര്‍ദേശിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിര്‍ദേശിച്ചത്. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിര്‍ദേശപ്രകാരമോ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെ സിബിഐ അനില്‍ അക്കര എം.എല്‍.എയുടെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സി.ബി.ഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

പൊതുസമ്മതം പിന്‍വലിക്കാനുള്ള തീരുമാനം എക്‌സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും. 2017-ലാണ് സി.ബി.ഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്. അതേസമയം, സി.ബി.ഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തുടര്‍ന്നും അന്വേഷണം തുടരാം.

You might also like

-