ഞായറാഴ്ചകളിൽ മാത്രമുള്ള കോവിഡ് നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കെസിബിസി
ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.
കൊച്ചി | കോവിഡ് വ്യാപനപശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ മാത്രമുള്ള നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ(കെസിബിസി). വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂവെന്ന സംസ്ഥാന സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ലെന്നും കെസിബിസി അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി വാർത്താകുറിപ്പിൽ വിമർശിച്ചു. മറ്റു പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്കു മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുനഃപരിശോധിക്കേണ്ടതാണ്.
ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. സർക്കാർ വിശ്വാസിസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.