കവളപ്പാറയിൽ നിന്ന് ഇന്ന് 5 മൃതദേഹങ്ങള്‍ കണ്ടെത്തി.ഭൂഗർഭ റഡാർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നു

ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകും എന്ന് ഹൈദരാബാദിൽ നിന്ന് എത്തിയ ശാസ്ത്രജ്ഞർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതിയുണ്ട്. എങ്കിലും മണ്ണിനടിയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും

0

മലപ്പുറം: ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ നിന്ന് ഇന്ന് 5 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയവരുടെ എണ്ണം 44 ആയി. 15 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്.ഹൈദരാബാദിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്.പത്താം ദിവസവും സന്നദ്ധ സംഘടനകളുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലുള്ള പതിവ് തെരച്ചിൽ രാവിലെ ആരംഭിച്ചിരുന്നു. പത്തു മണിയോടെയാണ് ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം പ്രദേശത്തെത്തിയത്. പ്രിൻസിപ്പിൾ ശാസ്ത്രജ്ഞൻ ആനന്ദ് കെ പാണ്ഡെയുടെ നേതൃത്വത്തിൽ രണ്ട് ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശമായത് തെരച്ചിലിന് തടസ്സമാകുന്നുണ്ട്

ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകും എന്ന് ഹൈദരാബാദിൽ നിന്ന് എത്തിയ ശാസ്ത്രജ്ഞർ   പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതിയുണ്ട്. എങ്കിലും മണ്ണിനടിയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും. പരമാവധി ശ്രമം നടത്തുമെന്ന് സംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ. രത്നാകർ  പറഞ്ഞു.

മുഴുവനാളുകൾക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ദുരിതബാധിത പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ കണ്ടെത്തിയ സൈനികൻ വിഷ്ണുവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കവളപ്പാറയിലെ തറവാട്ടു വീട്ടിൽ സംസ്കരിച്ചു. മണ്ണിനടയിൽ കുടുങ്ങിയ ഉറ്റവർക്കായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷ ജി പി ആറിലാണ്.

You might also like

-