യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും

ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാന നഗരം സ്തംഭിച്ചത്

0

തിരുവനന്തപുരം :കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും.കു‍ഴഞ്ഞു വീണു മരിച്ച കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും

കെ എസ് ആർ ടി സി ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാന നഗരം സ്തംഭിച്ചത്. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ടുള്ള പ്രതിഷേധത്തില്‍ ജനങ്ങളാകെ വലഞ്ഞു. കുഴഞ്ഞുവീണ ഒരു യാത്രക്കാരന്‍ മരിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്നത് മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. ആര്‍.ടി.ഒയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സമരം ചെയ്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. കര്‍ശന നടപടി വേണമെന്നാണ് ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഇന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി.
ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് തൊഴിലാളി യൂണിയനുകളെ വീണ്ടും പ്രകോപിപ്പിച്ചേക്കും. 2018ല്‍ ടിക്കറ്റ് റിസര്‍വേഷന്‍ കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് അന്നത്തെ സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തെങ്കിലും നടപ്പിലായിരുന്നില്ല എന്നാല്‍ സര്‍ക്കാരിന്റെ നിസംഗതയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും

You might also like

-