ഭീകരരെ തുരങ്കം കടത്തി സഹായിക്കാന്‍, ഡി എസ്പി വാങ്ങിയത് 12 ലക്ഷം
ജമ്മുകാഷ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസര്‍ തീവ്രവാദികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നുവെന്ന് ജമ്മു കാഷ്മീര്‍ പോലീസ്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ലക്ഷം രൂപയാണ് ഡപ്യൂട്ടി സൂപ്രണ്ട് ആയ ദേവീന്ദര്‍സിംഗ് ഭീകരരോട് ആവശ്യപ്പെട്ടതെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.കാഷ്മീര്‍ താഴ്വരയില് ഭീകരര്‍ക്കെതിരെയുള്ള പ്രവര്‍ത്തനം സുരക്ഷാസേന വര്‍ധിപ്പിച്ച ഘട്ടങ്ങളില്‍ അഞ്ചു പ്രാവശ്യം ഇതേ രീതിയില്‍ ഭീകരരെ സുരക്ഷിത സ്ഥലത്തേക്ക് കടത്തുന്നതില്‍ ദേവീന്ദര്‍സിംഗ് സഹായിച്ചതായും പോലീസ് പറഞ്ഞു.
കാഷ്മീരില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിലും ഈ പോലീസ് ഉദ്യോഗസ്ഥന് പങ്കുവഹിച്ചതായി ചോദ്യം ചെയ്യലില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.ശനിയാഴ്ചയാണ് ജമ്മു കാഷ്മീരില്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഡപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദര്‍ സിംഗിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം ഭീകരരെ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് തന്നെ പോലീസ് പിടികൂടിയതെന്നാണ് ദേവീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.