കശ്മീർ ബിൽ രാജയസഭ പാസ്സാക്കി , സമാധാനം പുനഃസ്ഥാപിച്ചത് പൂർണ്ണ സംസ്ഥാന പദവി

ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ടുചെയ്തു. 61 പേർ എതിർത്തു വോട്ടു ചെയ്തു. ബില്‍ പാസാക്കി രാജ്യസഭ ഇന്നേക്ക് പിരിഞ്ഞു.

0

ഡൽഹി : ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിഭജന ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ മറ്റു ബില്ലുകള്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ഇന്ന് രാവിലെ അമിത് ഷാ അവതരിപ്പിച്ച ബില്ലുകളില്‍ ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഒഴിവാക്കി വൈകുന്നേരം വരെ മാരത്തണ്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ടുചെയ്തു. 61 പേർ എതിർത്തു വോട്ടു ചെയ്തു. ബില്‍ പാസാക്കി രാജ്യസഭ ഇന്നേക്ക് പിരിഞ്ഞു.

എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലുകളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിരയിലുണ്ടായ അനൈക്യം ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് തുണയായി. എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നപ്പോള്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിനെതിരായി വോട്ട് ചെയ്തു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രസംഗത്തിന് ശേഷം ജമ്മു കശ്മീര്‍ സാമ്പത്തിക സംവരണബില്ലാണ് സഭ ആദ്യം പാസാക്കിയത്. പിന്നീട് 370-ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള ബില്‍ പാസാക്കി. ഒടുവിലായാണ് ജമ്മു കശ്മീര്‍ വിഭജന ബില്ലും പാസാക്കിയത്. വിഭജനബില്ലില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ലിപ്പ് നല്‍കി വോട്ടെടുപ്പ് നടത്തി. വോട്ടിംഗ് ബട്ടണില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ലിപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അംഗങ്ങളോട് രാജ്യസഭാ അധ്യക്ഷന്‍ നിര്‍ദേശിച്ചു.

കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് അഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. മേഖലയിലെ അഴിമതിയും ദാരിദ്രവും ഇതിലൂടെ വര്‍ധിക്കുകയാണ് ചെയ്തതെന്നും കശ്മീർ ബില്ലിലെ ചർച്ചകൾക്ക് രാജ്യസഭയിൽ മറുപടി പറയവെ അമിത് ഷാ ചൂണ്ടിക്കാട്ടി.

താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണഗതിയിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന വകുപ്പുകള്‍ എടുത്തു മാറ്റാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി ബാധിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം രാജ്യസഭയെ ഇന്ന് പ്രക്ഷുബ്ധമാക്കിയിരുന്നു. അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ സമ്മിശ്രപ്രതികരണമാണ് സഭയില്‍ നിന്നുണ്ടായത്.

രാജ്യസഭയിലെ പിഡിപി അംഗങ്ങള്‍ അതിരൂക്ഷമായി ബില്ലിനെതിരെ പ്രതികരിച്ചപ്പോള്‍ ആം ആദ്മി, ടിഡിപി പോലുള്ള പാര്‍ട്ടികളുടെ അപ്രതീക്ഷിത പിന്തുണ വിഷയത്തില്‍ കോണ്‍ഗ്രസിന് കിട്ടി. കശ്മീര്‍ വിഭജനത്തിലും പ്രത്യേക പദവി എടുത്തു കള‍ഞ്ഞതെങ്കിലും എന്തു നിലപാട് സ്വീകരീക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ആശയക്കുഴപ്പം തുടരുന്നതായാണ് സൂചന.

രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് പാര്‍ട്ടി നിലപാടിനോട് വിയോജിച്ച് രാജിവച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. പ്രതിഷേധത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രമേയം വലിച്ചു കീറി. രാവിലെ ഭരണഘടന തന്നെ വലിച്ചു കീറിയ രണ്ട് പിഡിപി എംപിമാരെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭയില്‍ നിന്നും ഇറക്കിവിട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

370-ാം വകുപ്പ് പിന്‍വലിച്ചു കൊണ്ടുള്ള ചര്‍ച്ചയില്‍ അമിത് ഷായുടെ വാക്കുകള്‍.

തീര്‍ത്തും സ്ത്രീവിരുദ്ധമായ 370-ാം വകുപ്പ് കശ്മീരില്‍ തീവ്രവാദത്തിന് വേരുപടര്‍ത്താന്‍ വഴിയൊരുക്കി. 370-ാം വകുപ്പ് പിന്‍വലിക്കുന്നതിലൂടെ അക്രമങ്ങളുടേയും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളുടെയും കാലം ജമ്മു കശ്മീരില്‍ അവസാനിക്കുകയാണ്. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കാനായി പ്രയത്നിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെ നിർണായകമായ ഈ ഘട്ടത്തില്‍ ഞാൻ ഓര്‍ക്കുകയാണ്.

370-ാം വകുപ്പ് നേരത്തെ പിന്‍വലിച്ചിരുന്നുവെങ്കില്‍ 41,000 പേര്‍ കശ്മീര്‍ താഴ്വരയില്‍ കൊലപ്പെടുന്ന അവസ്ഥയുണ്ടാവില്ലായിരുന്നു. വിഭജനക്കാലത്ത് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന നിരവധി പേര്‍ക്ക് പൗരത്വം കിട്ടാതിരിക്കാനുള്ള പ്രധാന കാരണം 370-ാം വകുപ്പാണ്. ഇത് അനീതിയില്ലേ ?. രാജ്യത്തെ മറ്റു പൗരന്‍മാര്‍ക്ക് കിട്ടുന്നത് പോലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം കശ്മീരിലെ സാധാരണക്കാര്‍ക്കും കിട്ടേണ്ടതല്ലേ. കശ്മീരിലെ കുട്ടികള്‍ക്കും രാജ്യത്തെ മറ്റു വിദ്യാര്‍ത്ഥികളെ പോലെ ഇന്ത്യയിലെവിടെയും പോയി പഠിക്കാന്‍ അവസരം കിട്ടേണ്ടതല്ലേ ?

മതരാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്താണ് വോട്ടുബാങ്ക് രാഷ്ട്രീയം. മുസ്ലീം മതവിശ്വാസികള്‍ മാത്രമാണോ കശ്മീരില്‍ താമസിക്കുന്നത്. എന്താണ് നിങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനന്‍മാര്‍, ബുദ്ധമതക്കാര്‍ എല്ലാവരും അവിടെ ജീവിക്കുന്നുണ്ട്. 370-ാം വകുപ്പ് നല്ലതാണെങ്കില്‍ അതെല്ലാവര്‍ക്കും നല്ലതായിരിക്കണം. അത് മോശമാണെങ്കില്‍ എല്ലാവരേയും മോശമായി ബാധിക്കണം. കശ്മീരിൽ വിനോദസഞ്ചാരം വേണ്ട രീതിയിൽ വളരാത്തതിന് ഒരു കാരണം തന്നെ 370-ാം വകുപ്പാണ്.

ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും എന്ന പോലെ ജമ്മു കാശ്മീരിലുമുണ്ട്. പക്ഷേ അതു നടപ്പാക്കാൻ ആശുപത്രികൾ എവിടെയാണുള്ളത്. കശ്മീരിലെവിടെയാണ് നല്ല ഡോക്ടർമാരും നഴ്സുമാരുമുള്ളത്. കശ്മീരിൽ ജീവിക്കാനും അവിടെ ജോലി ചെയ്യാനും പുറത്തുള്ള എത്ര ഡോക്ടർമാർ തയ്യാറാവുമെന്ന് 35 എയെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കണം.

ഇനിയാരെങ്കിലും വന്നാൽ തന്നെ അയാൾക്കവിടെയൊരു വീടോ സ്ഥലമോ വാങ്ങാനോ കല്ല്യാണം കഴിക്കാനോ പറ്റില്ല. അയാൾ എത്ര കാലം അവിടെ ജീവിച്ചാലും അവിടെ അവർക്ക് വോട്ടവകാശവും കിട്ടില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു താൽകാലിക സംവിധാനം എന്ന നിലയിലാണ് 370-ാം വകുപ്പ് കൊണ്ടു വന്നത് അത് എല്ലാവർക്കും അം​ഗീകരിക്കാൻ സാധിക്കും. പക്ഷേ താൽകാലികമായി കൊണ്ടു വന്ന ഒരു നിയമം 70 വർഷം നിലനിൽക്കുന്നത് അം​ഗീകരിക്കാൻ സാധിക്കില്ല.

ജമ്മുകശ്മീരിന്റെ കാര്യത്തിലെ സർക്കാർ തീരുമാനം രാഷ്ട്രീയം നോക്കിയല്ല. ജമ്മുകശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നത് താൽകാലികമായി മാത്രമാണ്. അവിടെ സമാധാനം പുനസ്ഥാപിച്ച ശേഷം സംസ്ഥാന പദവി തിരികെ നല്‍കും. തീര്‍ച്ചയായും സ്ഥിഗതികള്‍ മെച്ചപ്പെട്ട ശരിയായ സമയത്ത് കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ കിട്ടും. അതിനായി ഒരല്‍പ്പം കാത്തിരിക്കേണ്ടി വരും.

 

 

You might also like

-