കോവിഡ്–19 രോഗമുക്തയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി
കഴിഞ്ഞ മാസം ഇരുപതിനാണ് കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിയും, ഭര്‍ത്താവും പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയത്.
കാസർകോട് : കോവിഡ്മുക്തയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കാസര്‍കോട് സ്വദേശിനിയായ യുവതി പ്രസവിച്ചത്. കോവിഡ് സ്ഥിരീകരിച്ച യുവതിയും ഭര്‍ത്താവും, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ഇവര്‍ രോഗമുക്തരായത്.
കഴിഞ്ഞ മാസം ഇരുപതിനാണ് കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിയും, ഭര്‍ത്താവും പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവില്‍ നിന്നാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് കോവിഡ് പകര്‍ന്നത്. പരിശോധനഫലങ്ങള്‍ നെഗറ്റീവ് ആയതോടെ രണ്ടു ദിവസം മുമ്പ് യുവതിക്കും ഭര്‍ത്താവിനും ആശുപത്രി വിടാന്‍ അനുമതി ലഭിച്ചു. എന്നാല്‍ പ്രസവസമയം അടുത്തതുകൊണ്ട് യുവതിയെ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.20നാണ് സിസേറിയനിലൂടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷൻ തീയേറ്ററിലായിരുന്നു സിസേറിയന്‍.കോവിഡ് രോഗമുക്തി നേടി അമ്മയാകുന്ന രാജ്യത്തെ മൂന്നാമത്തെ യുവതിയാണ് കാസര്‍കോട് സ്വദേശിനി. സംസ്ഥാനത്ത് ഇത് ആദ്യം. അമ്മയും, കുഞ്ഞും പ്രത്യേക നിരീക്ഷണത്തില്‍ പതിന്നാല് ദിവസം കൂടി തുടരും. നിലവില്‍ ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.