കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
ഇരട്ടക്കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയുന്നതിനോ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനോ, ഗൂഢാലോചനയിലെ പങ്കാളികളെ തിരിച്ചറിയാനോ കഴിയാതെ സംസ്ഥാന പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടയില്‍ സര്‍ക്കാര്‍ തന്നെ അന്വേഷണ സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്
കാസര്‍കോട് :പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. അന്വേഷണചുമതല ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. കാസര്‍കോട് കൊലപാതകത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം തെളിയിക്കാനാകില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരട്ടക്കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയുന്നതിനോ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനോ, ഗൂഢാലോചനയിലെ പങ്കാളികളെ തിരിച്ചറിയാനോ കഴിയാതെ സംസ്ഥാന പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടയില്‍ സര്‍ക്കാര്‍ തന്നെ അന്വേഷണ സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും, കുടുംബാംഗങ്ങളും നിലവില്‍ നടന്നുവരുന്ന പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നുമാണ് ചെന്നിത്തല പ്രതികരിച്ചത്.
അതേ സമയം പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ അഞ്ച് പ്രതികളുടെ കൂടി അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അശ്വിന്‍, സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, അനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിപിഎം അനുഭാവികളാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അനിയും സുരേഷും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണെന്നാണ് പൊലീസ് പറയുന്നത്. പീതാംബരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലനടത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.ഫെബ്രുവരി 17 ന് രാത്രിയാണ് കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ വെട്ടേറ്റ് മരിച്ചത്. കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു