കർണാടക സ്ഥാനാർത്ഥി പട്ടികയിൽ അവ്യക്തത ഇരുപതിൽ പത്തിലും സ്ഥാനാർത്ഥികൾ,ബംഗളൂരു സൗത്തിൽ മോദി ?
18 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പുറത്ത് വിട്ടത്
ബംഗളൂരു : നീണ്ട കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് കർണാടകയിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 20 ലോക്സഭാ മണ്ഡലങ്ങളിൽ 18 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പുറത്ത് വിട്ടത്. ഇതിൽ എട്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസിനാണ്. എന്നാൽ കാത്തിരുന്ന് പുറത്തിറങ്ങിയ പട്ടികയിൽ ബംഗളൂരു സൗത്ത്, ധർവാദ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളില്ല. മൂന്നാംഘട്ടമായി ഏപ്രിൽ 23നാണ് ധർബാദിൽ പോളിംഗ് നടക്കുക. അതുകൊണ്ട് തന്നെ അവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പാർട്ടിക്ക് ധാരാളം സമയമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ ഏപ്രിൽ 18 ന് പോളിംഗ് നടക്കുന്ന ബംഗളൂരു സൗത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്.
1991 മുതൽ ബിജെപിയുടെ പക്കലുള്ള ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന അഭ്യൂഹം ശക്തമാണ്. ഒരു അപ്രതീക്ഷിത സ്ഥാനാർഥിയെയാണ് ബംഗളൂരു സൗത്ത് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ കാത്തിരിന്ന് കാണാനാണ് ഹൈക്കമ്മാൻഡും തീരുമാനിച്ചിരിക്കുന്നത്.തുടക്കം മുതൽ തന്നെ കോൺഗ്രസ് വിരുദ്ധ മണ്ഡലമായാണ് ബംഗളൂരു സൗത്ത് അറിയപ്പെടുന്നത്. 1977 മുതൽ 1989 ൽ ഒഴികെ എല്ലാത്തവണയും കോൺഗ്രസിന് പുറത്തുള്ളവരെയാണ്
മണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുത്തത്.
1991 ലാണ് ബിജെപി ഇവിടെ ആദ്യമായി സീറ്റ് നേടുന്നത്. പ്രശസ്ത സാമ്പത്തിക വിഗദ്ധൻ പ്രൊഫ.വെങ്കട്ടഗിരിയാണ് ബിജെപിക്കായി ബംഗളൂരു സൗത്ത് മണ്ഡലത്തിൽ അക്കൗണ്ട് തുറന്നത്. 1996 മുതൽ ഇക്കഴിഞ്ഞ നവംബർ വരെ കേന്ദ്രമന്ത്രി അനന്ത്കുമാർ ആയിരുന്നു ഇവിടെ നിന്നുള്ള എംപി. മരിക്കുന്നത് വരെ തുടർച്ചയായ ആറ് തവണയാണ് അദ്ദേഹം ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അനന്ത്കുമാറിന്റെ വിധവയായ തേജസ്വിനി ഇവിടെ ഇലക്ഷൻ ഓഫീസും തുറന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ മത്സരിക്കുന്നത് സംബന്ധിച്ച് അറിവില്ലെന്നാണ് കർണാടകയിലെ ബിജെപി നേതാക്കളും പറയുന്നത്. അതേസമയം തിങ്കളാഴ്ച ബംഗളൂരു നഗരത്തിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ഇവിടുത്തെ പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ എത്തുന്നത് സംശയം ശക്തമാക്കിയിരിക്കുകയാണ്.