സ്വർണ്ണക്കടത്തുകാരനെന്നു തെറ്റുധരിച്ച് കരിപ്പൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പട്ടാപകൽ കൊള്ളയടിച്ചു

ഓട്ടോ ഡ്രൈവറുടെയും സഹയാത്രികന്റെയും മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് തന്നെ വാഹനത്തിൽ പിടിച്ചു കയറ്റി. കണ്ണുമൂടിക്കെട്ടി മർദ്ദിച്ച് അവശനാക്കി. കടത്തിക്കൊണ്ടുവന്ന സ്വർണം എവിടെ എന്നു ചോദിച്ചായിരുന്നു അതിക്രൂര മർദനം. വസ്ത്രം അഴിച്ച് ശരീരം മുഴുവൻ പരിശോധിച്ചു. ഒന്നും ലഭിക്കാത്തതിനെ തുടർന്ന് കൈയിലുണ്ടായിരുന്ന പഴ്സും, എടിഎം കാർഡും, രേഖകളും ലഗേജും കൈക്കലാക്കി

0

മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചത്. സ്വർണകവർച്ചയായിരുന്നു ലക്ഷ്യമെന്നും ആളുമാറിയതറിഞ്ഞതോടെ കൈയിലുള്ളതെല്ലാം തട്ടിയെടുത്ത് വിട്ടയച്ചെന്നും യാത്രക്കാരൻ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

ഷാർജയിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനാണ് കൊള്ളസംഘത്തിന്റെ ക്രൂരതക്ക് ഇരയായത്. ഷെയർ ഓട്ടോയിൽ കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ക്രൂയിസർ ജീപ്പിലും ബൈക്കിലുമായി സംഘം പിന്തുടർന്നെത്തുകയായിരുന്നു.

” ശനിയാഴ്ച പുലർച്ചെ 4 മണിക്കാണ് ഷാർജയിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയത്‌. ഓട്ടോറിക്ഷയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് പോകും വഴി ആയിരുന്നു അക്രമം. ഷെയർ ഓട്ടോയിൽ കണ്ണൂർ സ്വദേശിയും ഒപ്പമുണ്ടായിരുന്നു. ‌ഇതിനിടയിൽ ക്രൂയിസർ ജീപ്പിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ സംഘം കൊണ്ടോട്ടി തലേക്കരയിലെത്തിയപ്പോൾ വാഹനം തടഞ്ഞു. ഓട്ടോ ഡ്രൈവറുടെയും സഹയാത്രികന്റെയും മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് തന്നെ വാഹനത്തിൽ പിടിച്ചു കയറ്റി. കണ്ണുമൂടിക്കെട്ടി മർദ്ദിച്ച് അവശനാക്കി. കടത്തിക്കൊണ്ടുവന്ന സ്വർണം എവിടെ എന്നു ചോദിച്ചായിരുന്നു അതിക്രൂര മർദനം. വസ്ത്രം അഴിച്ച് ശരീരം മുഴുവൻ പരിശോധിച്ചു. ഒന്നും ലഭിക്കാത്തതിനെ തുടർന്ന് കൈയിലുണ്ടായിരുന്ന പഴ്സും, എടിഎം കാർഡും, രേഖകളും ലഗേജും കൈക്കലാക്കി. എടിഎം കാർഡ് ഉപയോഗിച്ച് 23, 000 രൂപയും പിൻവലിച്ചു. മണിക്കൂറുകൾ നീണ്ട അതിക്രൂര മർദനങ്ങൾക്ക് ശേഷം കോഴിക്കോട് സർവകലാശാലയ്ക്ക് സമീപം ചെട്ടിയാർമാടിൽ ഇറക്കിവിടുകയായിരുന്നു. 500 രൂപയും സംഘം നൽകി.”അബ്ദുൾ നാസർ ഷംസാദ് പറഞ്ഞു

മണിക്കൂറുകൾ നീണ്ട അതിക്രൂര മർദനമുറകൾക്ക് ശേഷം കാലിക്കറ്റ് സർവകലാശക്കടുത്ത് ചെട്ടിയാർമാടിൽ ഇറക്കി വിടുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നവരിൽ നിന്ന് വിവരങ്ങൾ ചോർത്തി ഇവരെ കൊള്ളയടിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം

You might also like

-