കണ്ണൂർ വിസിനിയമനം മുഖ്യമന്ത്രി നേരിടെത്തി ശുപാർശനടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
നിയമ വിരുദ്ധമായ കാര്യമാണ് എങ്കിലും എജി യുടെ ഉപദേശം വന്നപ്പോൾ നിയമനം നടത്തിയതാണ്. മുഖ്യമന്ത്രി തന്നെ വന്നുകണ്ട് കണ്ണൂർ അദ്ദേഹത്തിന്റെ നാടാണെന്ന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കിയതാണ്. മുഖ്യമന്ത്രി അധികാരത്തിൽ തുടരണോ എന്നത് ഒരു ധാർമിക പ്രശ്നമാണ്
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ട പ്രകാരമാണ് കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ സമ്മർദ്ദവുമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ആദ്യം അദ്ദേഹത്തിന്റെ നിയമോപദേശകൻ വന്നു. പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് വന്നതെന്നും ഗവർണർ പ്രതികരിച്ചു. കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.പുനർനിയമന ആവശ്യം വന്നപ്പോൾ തന്നെ അത് ചട്ടവിരുദ്ധമാണെന്ന് താൻ സർക്കാരിനെ അറിയിച്ചതാണ്. എജിയുടെ ഉപദേശം ഉണ്ടെന്നാണ് സർക്കാർ പറഞ്ഞത്. എജിയുടെ ഉപദേശത്തെ താൻ എന്തിന് പരിഗണിക്കാതിരിക്കണം. നിയമ വിരുദ്ധമായ കാര്യമാണ് എങ്കിലും എജി യുടെ ഉപദേശം വന്നപ്പോൾ നിയമനം നടത്തിയതാണ്. മുഖ്യമന്ത്രി തന്നെ വന്നുകണ്ട് കണ്ണൂർ അദ്ദേഹത്തിന്റെ നാടാണെന്ന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കിയതാണ്. മുഖ്യമന്ത്രി അധികാരത്തിൽ തുടരണോ എന്നത് ഒരു ധാർമിക പ്രശ്നമാണ്. താൻ ആരുടെയും രാജി ആവശ്യപ്പെടുന്നില്ല. രാജി വെക്കണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. കർമ്മ അങ്ങനെയാണ്, അത് നിങ്ങളെ വേട്ടയാടും.
താൻ ആരുടെയും റബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ആവർത്തിച്ചു. ഇന്ന് മൂന്ന് ബില്ലുകൾ ഒപ്പിട്ടു. ഭൂപതിവ് ബില്ലിൽ സർക്കാർ വിശദീകരണം കാക്കുകയാണ്. അതിന് ശേഷം തീരുമാനം എടുക്കും. പരിഗണനയിലിരുന്ന എട്ട് ബില്ലുകളിൽ ഒന്നിൽ ഒപ്പിട്ടു. ഏഴ് ബില്ലുകളിൽ നാല് എണ്ണം മണി ബില്ലുകൾ ആണ്. നിയമസഭയിൽ വെക്കുന്നതിന് മുൻപ് ഗവർണറുടെ അംഗീകാരം വേണ്ടതാണ്. നാല് ബില്ലുകളുടെ കാര്യത്തിലും അതുണ്ടായില്ല. സർവകലാശാല ബില്ലുകൾ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ് രാഷ്ട്രപതിക്ക് അയച്ചതെന്നും ഗവർണർ പറഞ്ഞു.നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി കണ്ണൂർ വിസിയുടെ നിയമനം റദ്ദാക്കിയത് . ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വി സി നിയമനത്തിൽ ഗവർണർ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്.