പ്രളയക്കാലത്ത് കേരളത്തിലെത്തി അരിചാക്ക് ചുമന്ന ഐഎഎസ് ഓഫീസര്‍ കണ്ണന്‍ രാജിവച്ചു
2018-ലെ മഹാപ്രളയത്തിനിടെ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങി വാര്‍ത്തകളിലിടം നേടിയ യുവ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപീനാഥന്‍ സര്‍വ്വീസില്‍ നിന്നും രാജിവച്ചു.
ദാദ്ര ഹവേലി: 2018-ലെ മഹാപ്രളയത്തിനിടെ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങി വാര്‍ത്തകളിലിടം നേടിയ യുവ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപീനാഥന്‍ സര്‍വ്വീസില്‍ നിന്നും രാജിവച്ചു.
2012 എജിഎംയുടി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപീനാഥന്‍ നിലവില്‍ ദദ്ര – നഗര്‍ഹവേലിയില്‍ ഊര്‍ജ്ജ-നഗരവികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. സര്‍വ്വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ അഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. എന്ത് സാഹചര്യത്തിലാണ് രാജിയെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ആഗ്രഹമാണ് കണ്ണനെ സര്‍വ്വീസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരമാണ് സിവില്‍ സര്‍വ്വീസ് എന്നാണ് ഞാന്‍ മുന്‍പ് കരുതിയത്…. എന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ദദ്ര നഗര്‍ ഹവേലിയില്‍ ജില്ലാ കളക്ടറായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് കണ്ണന്‍ ഗോപീനാഥന്‍ അവധിയെടുത്ത് കേരളത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയത്. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപില്‍ അരി ചുമന്നു കയറ്റുകയായിരുന്ന കണ്ണനെ യാദൃശ്ചികമായി അവിടെ എത്തിയ അന്നത്തെ ആലപ്പുഴ ജില്ലാ കളക്ടറാണ് ആദ്യം തിരിച്ചറിഞ്ഞത്.
വൈകാതെ മാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും അദ്ദേഹം മലയാളികള്‍ക്കിടയില്‍ പ്രശസ്തനായി. എന്നാല്‍ മാധ്യമങ്ങള്‍ക്കും മലയാളികള്‍ക്കും പിടികൊടുക്കാതെ സന്നദ്ധപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ദാദ്ര നഗര്‍ ഹവേലിയിലേക്ക് മടങ്ങിപ്പോകുകയാണ് കണ്ണന്‍ ചെയ്തത്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപീനാഥന്‍.