ബിനീഷിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കാനം
കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു
തിരുവനന്തപുരം: ബിനീഷിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു.
ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് പാര്‍ട്ടിയിലുള്ള ആളല്ല. നേതാക്കളുടെ മക്കളെന്ന പേരിൽ പ്രത്യേകം പൗരന്മാരില്ല,അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സിപിഎമ്മിനോ സര്‍ക്കാരിനോ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും കാനം പ്രതികരിച്ചു.
ശിവശങ്കറിന്റെ അറസ്റ്റും സർക്കാരിനെ തകർക്കാനുള്ള ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നത് കഴിഞ്ഞ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയതാണ്. ഇത് ശരിയാണെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നതെന്നും കാനം പറഞ്ഞു.
മയക്കുമരുന്ന് ഇടപാടിലെ സാമ്പത്തിക കേസില്‍ ബിനീഷ് കോടിയേരിയെ കഴിഞ്ഞദിവസമാണ് ഇഡി അറസ്റ്റ് ചെയ്തത്. നാലു ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ബിനീഷിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ നിരോധിത നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം തടവുലഭിക്കാവുന്നതാണ് കുറ്റകൃത്യം. ചോദ്യം ചെയ്യലിനായി ബിനീഷിനെ വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ഇ.ഡി ഓഫിസിലെത്തിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഇടപാടിനായുള്ള പണത്തിന്റെ സ്രോതസ്സിനെ കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്