പ്രമുഖ ചലച്ചിത്ര നാടക നടൻ കലിംഗ ശശി അന്തരിച്ചു
നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു.
കോഴിക്കോട് :സിനിമ താരം കലിംഗ ശശി അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. വീട്ടിലെ വിളിപ്പേരായിരുന്നു ശശി. സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.മലയാള നാടകവേദിയില്‍ നിന്നാണ് കലിംഗ ശശി സിനിമയിലേക്ക് എത്തുന്നത്. അമ്മാവന്‍ വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിലും അഭിനയിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ജനഹൃദയങ്ങള്‍ കീഴടക്കിയത്.
നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. കേരളാകഫേ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, ആമേന്‍, പുലിമുരുകൻ, കസബ, അമര്‍ അക്ബര്‍ ആന്റണി, വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.ശശിയുടെ പിതാവ് ചന്ദ്രശേഖരൻ നായരും അമ്മ സുകുമാരിയുമാണ്. പ്രഭാവതിയാണ് ഭാര്യ.