കാക്കനാട് മയക്കുമരുന്ന് കേസ് ചെന്നൈയിൽ തെളിവെടുപ്പ്
കഴിഞ്ഞ 19 നാണ് കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. എക്‌സൈസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ അഞ്ചംഗ സംഘം പിടിയിലായി.
കൊച്ചി: കാക്കനാട് മയക്കുമരുന്ന്പിടികൂടിയ കേസിൽ പ്രതികളുമായി ഇന്ന് ചെന്നൈയിൽ തെളിവെടുപ്പ് നടക്കും. ലഹരിമരുന്ന് എത്തിച്ചത് ചെന്നൈയിൽ നിന്നാണെന്ന് പ്രതികൾ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. കേസിൽ അറസ്റ്റിലായ ത്വയ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയിൽ നിന്ന് എംഡിഎംഎ എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ 19 നാണ് കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. എക്‌സൈസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ അഞ്ചംഗ സംഘം പിടിയിലായി. രണ്ടുതവണയായി നടത്തിയ റെയ്ഡിൽ പ്രതികളുടെ കാറിലും താമസസ്ഥലത്ത് നിന്നും ഒരു കിലോയിലേറെ എംഡിഎംഎ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് ചെന്നൈയിൽ നിന്ന് എത്തിക്കുന്നതാണെന്നും ഇതിനായി മൂന്ന് തവണ പോയി വന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
രണ്ട് തവണയായി മയക്കുമരുന്ന് കണ്ടെത്തിയ സംഭവം രണ്ട് വ്യത്യസ്ത കേസുകളായി പരിഗണിച്ചത് ഇതിനിടെ വിവാദമായിരുന്നു. കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണ് ഒരേ കേസ് രണ്ടാക്കി മുറിച്ചതെന്ന വാദം ഉയർന്നതോടെ കേസ് പ്രത്യേകം അന്വേഷിക്കാൻ എക്‌സൈസ് ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.