ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമാണെന്ന് രമേശ് ചെന്നിത്തല.
കെഎസ്ടിഎ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പുറംചട്ട മാറ്റി അവതരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടിന് പിന്നിൽ രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു.
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ടിഎ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പുറംചട്ട മാറ്റി അവതരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടിന് പിന്നിൽ രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. പുതിയ നീക്കം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ്. നിലവിൽ പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് യാതൊരുവിധ അപാകതകളും ഇല്ലാത്ത സാഹചര്യത്തിൽ എന്തിനാണ് പുതിയ പരിഷ്‌കാരമെന്ന് വ്യക്തമാക്കാൻ വിദ്യാഭ്യാസ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.
സർക്കാർ സ്വീകരിച്ച നിലപാട് വിദ്യാഭ്യാസമേഖലയിൽ കടുത്ത പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നും അധ്യാപക, വിദ്യാർത്ഥി സംഘടനകൾ സമരവുമായി രംഗത്ത് ഇറങ്ങാൻ നിർബന്ധിതമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കലുഷിതമാക്കാൻ മാത്രമേ ഖാദർ കമ്മീഷൻ റിപ്പോർട്ട് സഹായിക്കൂ.നിലവിൽ റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രമേ പുറത്തു വന്നിട്ടുള്ളൂ.ഇത് നടപ്പിലാക്കാൻ സർക്കാരിന് എങ്ങനെ സാധിക്കുമെന്നും പൂർണമായും പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇത് നടപ്പാക്കാൻ സർക്കാരിന് എന്തിനാണ് തിടുക്കമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിൽ ഏകീകരണ നടപടികൾ നിർത്തിവെക്കാൻ സർക്കാർ തയ്യാറാകണം. യോഗം വിളിച്ചാൽ മാത്രം പോരാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾ പരിഹരിക്കാൻ കൂടി സർക്കാർ തയ്യാറാകണം. തുടർ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ യുഡിഎഫ് ഈ വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.