ബിജെപി ഭീഷണിയുണ്ടെന്ന് കെ സുന്ദര
ആരുടേയും സമ്മർദം മൂലമല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്നും സുന്ദര പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ബിജെപി പണവും ഫോണും നൽകിയതായി കെ.സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ബി.ജെ.പി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. ആരുടേയും സമ്മർദം മൂലമല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്നും സുന്ദര പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ബിജെപി പണവും ഫോണും നൽകിയതായി കെ.സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
താൻ മത്സര രംഗത്ത് നിന്ന് പിന്മാറിയത് ബിജെപി നേതാക്കൾ പണവും സ്മാർട്ട് ഫോണും നൽകിയത് കൊണ്ടാണെന്നായിരുന്നു മഞ്ചേശ്വരത്തെ സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തൽ. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാനാർഥിയായിരുന്ന വി വി രമേശൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതി ബദിയടുക്ക പൊലീസ് കൈമാറി.
സംഭവത്തിൽ ഇന്ന് കെ സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസമയം കെ സുന്ദരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പണം നൽകി എന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി ജില്ലാ നേതാക്കളിൽ നിന്നും പൊലീസ് മൊഴി എടുക്കും. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ബിജെപി കാസർകോട് ജില്ലാ കമ്മറ്റിയിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്. കള്ളപ്പണ വിവാദത്തിനിടെ സുന്ദരുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ബിജെപി കൂടുതൽ പ്രതിസന്ധിയിലായി.