കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിര്‍ന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം
ഡൽഹി :കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നുവെന്നാണ് അറിയുന്നത്. ഹൈകമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിര്‍ന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് തേടിയിരുന്നു.
കോൺഗ്രസിൽ ആറു പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവസമ്പത്താണ് സുധാകരന്റെ മേൽവിലാസം. വിദ്യാർത്ഥിയായിരിക്കെ, അറുപതുകളിൽ രാഷ്ട്രീയരംഗത്തേക്കിറങ്ങി. 67ൽ തലശ്ശേരി താലൂക്ക് കെഎസ്യു കമ്മിറ്റി പ്രസിഡണ്ടായി. മൂന്നു വർഷം കഴിയുമ്പോഴേക്കും സംസ്ഥാന നേതൃത്വത്തിലെത്തി. സുധാകരൻ എന്ന രാഷ്ട്രീയക്കാരന്റെ അഡ്രസ് സിപിഎം വിരുദ്ധതയാണ്. ലോകം മുഴുവൻ ബഹിഷ്‌കരിച്ച ഒരു പ്രത്യയശാസ്ത്രം കേരളത്തിൽ മാത്രം നിലനിൽക്കുമോ എന്ന് സുധാകരൻ ഉച്ചത്തിൽ ചോദിക്കും. പിണറായി വിജയനെ ഒരു ഭയവുമില്ലാതെ വെല്ലുവിളിക്കും. വാക്കിനു വാക്ക്, അടിക്ക് തിരിച്ചടി എന്നതാണ് സിപിഎമ്മിനെതിരെ സുധാകരൻ കണ്ണൂരിൽ സ്വീകരിച്ച രാഷ്ട്രീയലൈൻ. അത് പരിചിതമായിരുന്നില്ല കണ്ണൂരിലെ കമ്മ്യൂണിസ്റ്റു പാർട്ടിക്ക്. അതുകൊണ്ട് ഭീഷണികൾക്കു പഞ്ഞമുണ്ടായിരുന്നില്ല. രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെയും അതിജീവിച്ചു.
നായനാർ മുഖ്യമന്ത്രിയാകുന്ന കാലം മുതൽ ഏറെക്കാലം ഗൺമാനുമുണ്ടായിരുന്നു സുധാകരനൊപ്പം. അക്കാലത്തായിരുന്നു, ഗൺമാന് തോക്കു കൊടുത്തിരിക്കുന്നത് ആളുകളെ വെടിവയ്ക്കാനാണ്, കാക്കയെ വെടിവയ്ക്കാനല്ല എന്ന വിവാദപ്രസ്താവന. എതിർചേരിയിൽ നിന്ന് പരസ്യമായി വെല്ലുവിളിച്ച സുധാകരന് പലകുറി ബിജെപി പട്ടം ചാർത്തി നൽകിയിട്ടുണ്ട് സിപിഎം. ഒരു കാൽ ബിജെപിയുടെ വഞ്ചിയിലേക്ക് എടുത്തുവച്ച നേതാവാണ് സുധാകരൻ എന്ന തോന്നലുണ്ടാക്കാൻ ആ ആരോപണങ്ങൾ കൊണ്ട് സാധിച്ചു. ചെന്നൈയിൽ വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി ജയരാജൻ ഒരിക്കൽ സുധാകരനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.