വിമതർക്കെതിരെ കെ സുധാകരൻ “പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻഅനുവദിക്കില്ലാ….
തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്നും കെ. സുധാകരൻ പ്രസംഗത്തിൽ പറഞ്ഞു
കോഴിക്കോട് | ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തി. എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരൻ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്നും കെ. സുധാകരൻ പ്രസംഗത്തിൽ പറഞ്ഞു. ഭീഷണി പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു സുധാകരന്റെ ഭീഷണി.
500 കോടിയോളം രൂപ നിക്ഷേപവും 100 കോടിയോളം രൂപയുടെ ആസ്തിയുമുള്ള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്‍റെ നിയന്ത്രണത്തിലാണെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി ഭരണസമിതിയും പാര്‍ട്ടിയും കടുത്ത ഏറ്റുമുട്ടലിലാണ്. ബാങ്ക് ഭരണം സിപിഎമ്മിന് പതിച്ചു നല്‍കാന്‍ ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അംഗമായിരുന്ന കെവി സുബ്രമണ്യന്‍ ഉള്‍പ്പെടെ 7 ഭരണസമിതി അംഗങ്ങളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.
ഭരണം അട്ടിമറിക്കാന്‍ രണ്ടായിരത്തോളം സിപിഎമ്മുകാരെ മെമ്പര്‍മാരാക്കി, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ബാങ്കില്‍ ജോലി തരപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങളും പുറത്താക്കപ്പെട്ടവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.നവംബര്‍ 16ന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഭരണസമിതി അംഗങ്ങളും ബാങ്ക് സംരക്ഷണസമിതി എന്ന ബാനറില്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വിമതര്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍റെ ഭീഷണി പ്രസംഗം.സഹകരണ ബാങ്കുകളെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപിക്കാരനും ജോലി നൽകുകയാണ് ചിലർ. കണ്ണൂരിലെ സഹകരണ ബാങ്കുകൾ പിടിച്ചെടുത്തത് പോലെ എതിർക്കേണ്ടിടത്ത് എതിർക്കണമെന്നും, അടിക്കേണ്ടിടത്ത് അടിക്കണമെന്നും പറഞ്ഞ സുധാകരൻ ചില സന്ദർഭങ്ങളിൽ ഗാന്ധിസം പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.