‘മോദി മാജിക് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ല’; ബിജെപി തകര്‍ന്നടിഞ്ഞെന്ന് കെ മുരളീധരന്‍

ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് അനിവാര്യം എന്ന് ഇതോടെ തെളിഞ്ഞെന്നും കെ മുരളീധരന്‍ പറഞ്ഞു. കര്‍ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസ് തന്നെയാണ്.

0

കോഴിക്കോട്: മോദി മാജിക് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ലെന്ന സന്ദേശമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍. ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് അനിവാര്യം എന്ന് ഇതോടെ തെളിഞ്ഞെന്നും കെ മുരളീധരന്‍ പറഞ്ഞു. കര്‍ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസ് തന്നെയാണ്. ബിജെപി തകര്‍ന്നടിഞ്ഞു. മോദി വിചാരിച്ചാല്‍ എന്തും നടക്കും എന്നത് വെറുതെ ആണെന്ന് മനസിലായില്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളര്‍. ഗുജറാത്ത് കഴിഞ്ഞാല്‍ മോദി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് കര്‍ണ്ണാടകയിലാണ്. അവിടെ ഇതാണ് സ്ഥിതിയെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം ഫലം വന്നതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ബിജെപി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടില്ല. ആദ്യ സൂചന മാത്രമാണ് പുറത്തുവന്നത്. ആദ്യം മുന്നില്‍ നിന്നവര്‍ പിന്നിലാവുന്നത് കണ്ടിട്ടുള്ളതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം പുറത്ത് വന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളുടേയും പ്രതികരണം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെകണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് 119 സീറ്റിലും ബിജെപി 72സീറ്റിലും ജെഡിഎസ് 25 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മോദി പ്രഭാവം കര്‍ണാടകയില്‍ ഫലത്തിലെത്തിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.കോണ്‍ഗ്രസ് ഇതിനകം ഡല്‍ഹി ആസ്ഥാനത്തും കര്‍ണാടകയിലും അടക്കം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. രാഹുലിനെ ഉയര്‍ത്തി കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനകം പ്രവര്‍ത്തകരും അനുയായികളും ഏറ്റെടുത്തിട്ടുണ്ട്. രാഹുല്‍ അജയ്യനാണ്. ആര്‍ക്കും തടയാനാവില്ലെന്നായിരുന്നു ട്വീറ്റ്.

You might also like

-