കെ കരുണാകരൻ ട്രസ്റ്റ് ചെറുപുഴയിലെ കെട്ടിടം കരാറുകാരന്‍ ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ എത്തിയാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്

ചെറുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഞ്ഞിക്കൃഷ്ണൻ നായർ , റോഷി ജോസ്, ടി വി അബ്ദുൾ സലീം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

0

കണ്ണൂര്‍: കെ കരുണാകരൻ ട്രസ്റ്റ് ചെറുപുഴയിലെ കെട്ടിടം കരാറുകാരന്‍ ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ എത്തിയാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ചെറുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഞ്ഞിക്കൃഷ്ണൻ നായർ , റോഷി ജോസ്, ടി വി അബ്ദുൾ സലീം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു കോണ്‍ഗ്രസ് നേതാവായ കെ കെ സുരേഷ്‍കുമാറിന്റെ അറസ്റ്റ് സംബന്ധിച്ച് ,മുൻകൂർ ജാമ്യാപേക്ഷയുടെ വിധി വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. ഇവര്‍ ഇപ്പോള്‍ സാമ്പത്തികതിരിമറി നടത്തിയ കേസില്‍ റിമാന്‍റിലാണ്. കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയതിനാണ് ഇവരെ റിമാന്‍റ് ചെയ്തിരിക്കുന്നത്. ട്രസ്റ്റിന് ഇവരുള്‍പ്പടെ എട്ട് ഡയറക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഡയറക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് അവരില്‍ രണ്ടുപേര്‍ ഈ നേതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയത്. സാമ്പത്തികതിരിമറിയുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരായ തെളിവുകള്‍ പൊലീസിന് ലഭിക്കുകയും ചെയ്തു.

ഈ മാസം ആദ്യമാണ് ചെറുപുഴ സ്വദേശിയായ ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൈകളിലെ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നു മരിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്.കെ കെരുണാകരന്‍ ട്രസ്റ്റിനു വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ കരാര്‍ ജോയിക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്‍തുക ജോയിക്ക് ലഭിക്കാനുണ്ടെന്നും ഇതേത്തുടര്‍ന്നുണ്ടായ വാക്തര്‍ക്കങ്ങളും മാനസികപ്രയാസവുമാണ് ജോയിയുടെ മരണത്തിന് കാരണമെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.

You might also like

-