മൂന്നാറിൽ കെ എസ് ആർ ടി സി ഡബിൾ ഡക്കർ ഒരു മാസം 13,13,400 രൂപയുടെ വരുമാനമുണ്ടാക്കി കെ ബി ഗണേഷ് കുമാർ
എറണാകുളം ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബസുകൾ നിരമിക്കാനാണ് കെ എസ് ആർ ടി സി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൊച്ചി |മൂന്നാറിൽ കെ എസ് ആർ ടി സി ആരംഭിച്ച ഡബിൾ ഡക്കർ എ സി ബസ് വൻ വിജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ 13,13,400 രൂപയുടെ വരുമാനം നേടാൻ ഈ സർവ്വീസിന് കഴിഞ്ഞു. കെ എസ് ആർ ടി സി ജീവനക്കാർ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് ഈ ബസ് എന്നതാണ് മറ്റൊരു പ്രത്യേകത. എറണാകുളം ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബസുകൾ നിരമിക്കാനാണ് കെ എസ് ആർ ടി സി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ ബസ് സർവ്വീസ് വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ബസുകൾ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നഷ്ടം കുറയ്ക്കാനും ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകാനും ഉടൻ സാധിക്കുമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
വൈപ്പിൻകരയുടെ ദീർഘകാലമായ ആശയമായ ഗോശ്രീ ബസുകളുടെ നഗരപ്രവേശനം ഇതോടെ സാക്ഷാത്കരിച്ചു. നിലവിൽ അനുവദിച്ചിരിക്കുന്ന ബസുകൾ വിജയകരമായി ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ബസുകൾ വൈപ്പിനിലേക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പത്ത് കെ എസ് ആർ ടി സി ബസുകളും നാല് സ്വകാര്യ ബസുകളുമാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈപ്പിനിൽ നിന്ന് ഗതാഗത സൗകര്യം ഒരുങ്ങുകയാണ്.ആദ്യ ഘട്ടത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് സർവ്വീസ്. കെ എസ് ആർ ടി സിയിൽ ആധുനിക സംവിധാനങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളുള്ള പുതിയ ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ പോലും ആധുനിക ബസുകൾ എത്തിക്കും.