ലഖു ലേഖ കൈവശം വച്ചതിനു യു എ പി എ ചുമത്താനാകില്ല ജസ്റ്റിസ് പി എസ് ഗോപിനാഥൻ.

നിരോധിക്കപ്പെട്ട സംഘടനയുടെ അംഗമാകുകയോ, അതുമായി ബന്ധപ്പെട്ട ലഘുലേഖകൾ കൈവശംവയ്ക്കുകയോ ചെയ്താൽ അത് കുറ്റകരമാണെന്നും ഗോപിനാഥൻ വ്യക്തമാക്കി

0

തിരുവനതപുരം /കണ്ണൂർ : നിരോധിത സംഘടനകളുടെ ഘുലേഖ കൈവശംവച്ചതുകൊണ്ട് മാത്രം യുഎപിഎ ചുമത്താൻ സാധിക്കില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥൻ. യുഎപിഎ ചുമത്താൻ ശക്തമായ തെളിവുണ്ടായിരിക്കണമന്നും ഇത് പൊലീസ് ഉറപ്പുവരുത്തണമെന്നും ഗോപിനാഥൻ പറഞ്ഞു.ഭൂരിഭാഗം യുഎപിഎ കേസുകളിലും തെളിവുണ്ടായിരിക്കില്ല. പല കേസുകളിലും പൊലീസ് തിടുക്കം കാണിക്കാറുണ്ട്. പൊലീസുകാർ കൂടുതൽ ജാഗ്രത കാണിക്കണം. കോഴിക്കോട് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ യുഎപിഎ ചുമത്തി എഫ്‌ഐആറിട്ടത് സ്വാഭാവിക നടപടിയാണെന്നും ഗോപിനാഥൻ പറഞ്ഞു. അതേസമയം, നിരോധിക്കപ്പെട്ട സംഘടനയുടെ അംഗമാകുകയോ, അതുമായി ബന്ധപ്പെട്ട ലഘുലേഖകൾ കൈവശംവയ്ക്കുകയോ ചെയ്താൽ അത് കുറ്റകരമാണെന്നും ഗോപിനാഥൻ വ്യക്തമാക്കി.

അതേസമയം ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സർക്കാർ തിരുത്തുമെന്നും ജയരാജൻ പറഞ്ഞു.സർക്കാർ നയം മനസിലാക്കാത്ത പൊലീസിനെ തിരുത്തിയാൽ സർക്കാരിന്റെ പ്രതിച്ഛായ വർധിക്കും. ഇപ്പോൾ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങൾ നിയമത്തോടുള്ള എതിർപ്പല്ല. മറിച്ച് ഇടതുപക്ഷ സർക്കാരിനോടുള്ള എതിർപ്പായാണ് അനുഭവപ്പെടുന്നതെന്നും ജയരാജൻ പറഞ്ഞു.

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്താൽ ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് കേസെടുക്കാനുള്ള വകുപ്പുണ്ട്. ആ വകുപ്പൊന്നും പോരാ, യുഎപിഎ തന്നെ പ്രയോഗിക്കണമെന്ന് ചില പൊലീസുകാർക്ക് തോന്നലുണ്ട്. പൊലീസുകാർക്ക് തന്നിഷ്ടം പോലെ ചുമത്താനുള്ള വകുപ്പല്ല യുഎപിഎയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നടത്തി നടപടിയെടുക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കുമാണ് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയത്.സംഭവത്തിൽ മുഖ്യമന്ത്രി ഉചിതമായ സമയത്തു പ്രതികരിക്കുമെന്ന് മന്ത്രി ജി സുധാകരനും അറിയിച്ചു

You might also like

-