ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്‍റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു.
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷമായി അസാന്‍ജ് ജീവിച്ചു പോരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന വിവരം.
അസാന്‍ജിനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ച ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് കോടതിയില്‍ എത്തിക്കും എന്നറിയിച്ചു. ഇത്ര കാലം അസാന്‍ജിന് കൊടുത്ത രാഷ്ട്രീയഅഭയം പിന്‍വലിച്ച ഇക്വഡോര്‍, എംബസി മുഖാന്തരം ലണ്ടന്‍ പൊലീസിനെ വിളിച്ചു വരുത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്‍റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.