മാര്‍ത്തോമ്മാ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അന്തരിച്ചു
2007 മുതല്‍ 13 വര്‍ഷം മാര്‍ത്താമ്മാ സഭയെ നയിച്ചു
പത്തനംതിട്ട :മാര്‍ത്തോമ്മ സഭാതലവന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായിരുന്നു. 2007 മുതല്‍ 13 വര്‍ഷം മാര്‍ത്താമ്മാ സഭയെ നയിച്ചു. ഭൗതികശരീരം തിരുവല്ലയിലെ ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തേലിക്ക് മാറ്റും. രാവിലെ എട്ടുമുതലാണ് പൊതുദര്‍ശനം
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ, ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ-XXI മനായി വാഴിച്ചു. 1653-ൽ അഭിഷിക്തനായ മാർത്തോമ്മ ഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ്മ ഇരുപത്തൊന്നാമാനാണ് മോസ്റ്റ്. റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപോലീത്ത.
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി. ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളേജിൽ ബി.ഡി പഠനത്തിനു ചേർന്നു. 1957 ഒക്ടോബർ 18-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച് 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപ്പോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി ‘ജോസഫ് മാർത്തോമ്മ’ എന്ന പേരിൽ മാർ ഐറെനിയോസ് നിയോഗിതനായി.